v

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. ഇവിടെ 8 ക്വാർട്ടേഴ്സുകൾ ഉണ്ടെങ്കിലും 3 എണ്ണത്തിൽ മാത്രമാണ് താമസക്കാരുള്ളത്. ബാക്കിയുള്ളതിൽ മൂന്നെണ്ണം റെയിൽവേ തന്നെ പൊളിക്കുന്നതിന് നോട്ടീസ് ഒട്ടിച്ചിട്ടുണ്ട്.

ജീവനക്കാർ താമസമില്ലാത്ത ക്വാർട്ടേഴ്സുകളുടെ പരിസരം കുറ്റികാടുകൾ വളർന്ന് പന്തലിച്ചുകിടക്കുകയാണ്. ഇപ്പോൾ ക്വാർട്ടേഴ്സും പരിസരവും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ഒരിടമായി മാറികൊണ്ടിരിക്കുകയാണ്.

ആൾ താമസമില്ലാത്ത ക്വാർട്ടേഴ്സിനകത്ത് പോലും മനുഷ്യ വിസർജ്യങ്ങളടങ്ങിയ നാപ്കിനുകൾ ചാക്കുകളിൽ കൊണ്ടിട്ടിരിക്കുന്നത് വൻ ദുർഗന്ധമുണ്ടാക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഗാർഹിക ഗാർഹികേതര മാലിന്യങ്ങൾകൊണ്ട് തള്ളിയിരിക്കുന്നു. ഇവ അഴുകി ഇതിൽ നിന്നും വരുന്ന ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യം കഴിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും സാമുഹ്യ വിരുദ്ധരുടയും ശല്യം രാത്രി കാലങ്ങളിൽ രൂക്ഷമാണ്. റെയിൽവേയ്ക്കും പൊലീസിനും പരാതികൾ നൽകിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് പരിഹാരം കാണാൻ റെയിൽവെയും പൊലീസും അടിയന്തര നടപടി കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.