തിരുവനന്തപുരം: അരിപ്പ ഭൂസമരത്തിന്റെ ഏഴാം വാർഷികത്തിൽ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ നടത്താനിരുന്ന കഞ്ഞിവയ്പ് സമരം പൊലീസ് തടഞ്ഞതിനെ തുടർന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ 100 മണിക്കൂർ സത്യാഗ്രഹം ആരംഭിച്ചു.
ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് കായിക്കര ബാബു ഉദ്‌ഘാടനം ചെയ്തു. ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജെ.ജെ.എം. കണ്ടത്തിൽ, പരശുരാമൻ, മലയിൻകീഴ് ശശികുമാർ, രമേശൻ എന്നിവർ പങ്കെടുത്തു. അരിപ്പ ഭൂസമരം കൃഷി ഭൂമി നൽകി പരിഹരിക്കുക, സമരഭൂമിയിൽ നടത്തിവന്നിരുന്ന നെൽകൃഷി നിരോധിച്ച നടപടി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയിൽ നിന്നു പദയാത്രയായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി കഞ്ഞിവച്ച് 100 മണിക്കൂർ സമരം ചെയ്യാനുള്ള ശ്രമമാണ് സുരക്ഷാ പ്രശ്നങ്ങൾ കാരണം പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചത്. ഇതേതുടർന്നാണ് സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റിയത്.