തിരുവനന്തപുരം: ലോക കേരള സഭ ധൂർത്താണെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ, പരിപാടിയെ അഭിനന്ദിച്ചുള്ള കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ സന്ദേശം മുഖ്യമന്ത്രി പുറത്തുവിട്ടത് യു.ഡി.എഫിനെ വെട്ടിലാക്കി. രാഹുലിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഇതോടെ പ്രതിരോധത്തിലായ പ്രതിപക്ഷം രാഹുൽ ഗാന്ധി കേവല മര്യാദ കാട്ടിയതാണെന്നും അത് പരസ്യപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി മര്യാദകേടാണെന്നും കുറ്റപ്പെടുത്തി. യു.ഡി.എഫിന്റെ ബഹിഷ്കരണ തീരുമാനം വരുന്നതിന് മുമ്പാണ് രാഹുൽ സന്ദേശം അയച്ചതെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ വിശദീകരണം. പൗരത്വബില്ലിനെതിരെ ഭരണപക്ഷവുമായി യോജിച്ച് സമരം നടത്തിയതിനെ ചൊല്ലി യു.ഡി.എഫിലുണ്ടായ അസ്വസ്ഥത തീരുംമുമ്പ് വീണ്ടും മുന്നണിക്കുള്ളിൽ വ്യത്യസ്ത നിലപാടുണ്ടായത് ജാള്യതയായി.
അതിനിടെ ലോക കേരള സഭ ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫ് തീരുമാനത്തിൽ പ്രധാന ഘടകക്ഷിയായ മുസ്ലിംലീഗിനകത്തും അതൃപ്തിയുണ്ടെന്ന വാർത്ത പുറത്തുവന്നു. ലീഗിന്റെ പ്രവാസി സംഘടനയായ കേരള മുസ്ളീം കൾച്ചറൽ സെന്ററാണ് (കെ.എം.സി സി)അതൃപ്തി അറിയിച്ചത്. തൽക്കാലം യു.ഡി.എഫ് തീരുമാനത്തിനൊപ്പം നിൽക്കുന്നുവെന്നും ബാക്കി കാര്യങ്ങൾ ലോക കേരള സഭ അവസാനിച്ച ശേഷം പറയാമെന്നുമാണ് മുസ്ളിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് ഇതിനോട് പ്രതികരിച്ചത്. കെ.എം.സി സി. ലോക കേരളസഭയിൽ പങ്കെടുക്കുന്നുണ്ട്.
മലയാളി പ്രവാസി ലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാന വേദിയാണ് ലോക കേരള സഭയെന്ന രാഹുലിന്റെ സന്ദേശത്തിലെ വരികൾ എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ട്വീറ്റ്. ഈ മാസം 12നാണ് രാഹുൽ സന്ദേശമയച്ചത്. രാഹുൽ ഗാന്ധി പ്രശംസിച്ചത് ലോകകേരള സഭയെ അല്ല, പ്രവാസികളെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ന്യായീകരിച്ചു. രാഹുലിന്റെ മാന്യതയെ മുഖ്യമന്ത്രി ചൂഷണം ചെയ്യുന്നത് ശരിയല്ല. ലോക കേരള സഭ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതിൽ തെറ്റില്ല. ഇത്തരം കാര്യങ്ങളെല്ലാം എ.ഐ.സി.സിയെയോ കേന്ദ്ര ഘടകത്തേയോ അറിയിക്കണമെന്ന നിർബന്ധമില്ല. സംസ്ഥാന ഘടകത്തിന് കൈക്കൊള്ളാവുന്നതേയുള്ളൂ. കുട്ടികൾ മണ്ണുതിന്ന് വിശപ്പടക്കുന്ന നാട്ടിലാണ് കോടികളുടെ മാമാങ്കം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാഹുലിന്റെ കത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. എന്നാൽ, ബഹിഷ്‌കരണ വിഷയത്തിൽ രാഹുലുമായുണ്ടായ ആശയവിനിമയത്തിൽ പിഴവുണ്ടായെന്നും മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.