തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോൾ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന ബി.ജെ.പി അംഗം ഒ. രാജഗോപാലിന്റെ നടപടിക്കെതിരെ പാർട്ടിയിൽ പ്രതിഷേധം പുകയുന്നു.
പ്രമേയം സഭയിൽ വോട്ടിനിട്ടപ്പോൾ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതിരിക്കുകയെന്ന നയമാണ് ബി.ജെ.പിയുടെ ഏക എം.എൽ.എയായ ഒ. രാജഗോപാൽ സ്വീകരിച്ചത്.അതിനാൽ, സഭ ഒറ്റക്കെട്ടായി പാസാക്കിയെന്ന തരത്തിലാണ് രാഷ്ട്രപതിക്ക് മുന്നിൽ പ്രമേയം എത്തുന്നത്.ഇതാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്.പ്രമേയത്തിനെതിരെ രാജഗോപാൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിക്കണമായിരുന്നുവെന്ന അഭിപ്രായമാണ് പാർട്ടിയിലുള്ളത്.
എന്നാൽ , പ്രമേയത്തിനെതിരായ നിലപാട് സഭയിൽ വ്യക്തമാക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നതിനാൽ ഇറങ്ങിപ്പോക്ക് ആവശ്യമുണ്ടായില്ലെന്നാണ് ഒ. രാജഗോപാലിന്റെ ന്യായം. എല്ലാ വിഷയത്തിനും വാക്ക് ഔട്ട് നടത്തേണ്ട ആവശ്യമില്ല. സാധാരണ ഒരു മിനിറ്റാണ് സഭയിൽ സംസാരിക്കാൻ ലഭിക്കുക. എന്നാൽ പൗരത്വ പ്രശ്നത്തിൽ അധിക സമയം കിട്ടി. നിലപാട് വിശദീകരിക്കാനായതിൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമേയത്തെ 139 പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് തോന്നിയെന്നാണ് രാജഗോപാലിന്റെ വിശദീകരണം. മന:പൂർവമാണ് വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത്. പൗരത്വ നിയമം ശബരിമല വിഷയം പോലെ കേരളത്തിലെ ഹിന്ദുസമൂഹത്തെ സ്വാധീനിക്കില്ല. ഇതിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ ബി.ജെ.പിയിൽ നിന്ന് അകലില്ല. എന്നാൽ, ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് പാർലമെന്റിലും നിയമസഭകളിലും പ്രാതിനിദ്ധ്യം ഇല്ലാതാവുന്നതിൽ വിഷമമുള്ളതിനാലാണ് പ്രാതിനിദ്ധ്യം തുടരണമെന്ന സർക്കാർ പ്രമേയത്തെ എതിർക്കാതിരുന്നതെന്നും രാജഗോപാൽ പറഞ്ഞു.