തിരുവനന്തപുരം: പ്രവാസി നിക്ഷേപം നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്നത് അപരാധമല്ലെന്നും നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം അവരുടെ ക്ഷേമത്തിനും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തുടക്കം കുറിച്ച് സഭയുടെ സമീപനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി സംരംഭങ്ങൾക്ക് പണവും ഇളവും നൽകും. കുടുംബത്തിനും തലമുറകൾക്കും വേണ്ടിയാണ് പ്രവാസികൾ ഇവിടെ നിക്ഷേപിക്കുന്നത്. അതുപയോഗിച്ച് വികസനം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
പ്രവാസികളുടെ വിഭവം മാത്രമല്ല അറിവും നൈപുണ്യവും ഇങ്ങോട്ടെത്തണം. അതിലൂടെ യുവതലമുറയെ ശക്തമാക്കണം. പ്രളയത്തിന്റെ ദുരിതകാലങ്ങളിൽ ആളും അർത്ഥവും നൽകി കേരളത്തിനൊപ്പം നിന്ന, കേരള പുനർനിർമ്മാണത്തിന് ഇപ്പോഴും സഹായിക്കുന്ന പ്രവാസികളുടെ കരുണയും കരുതലും മറക്കാനാവില്ല.
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം ലഭിക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ കുടിയേറ്റക്കാരുടെ കണക്ക് കേന്ദ്രം പുറത്തുവിടുന്നില്ല. കൂടുതൽ തൊഴിലും കുടിയേറ്റ സാദ്ധ്യതയും എവിടെയെന്ന് മനസിലാക്കി പുനഃക്രമീകരണം നടത്തണം.
ക്ഷേമ, വികസന കാര്യങ്ങളിൽ കേരളം കുതിപ്പിലാണ്. ജീവിതനിലവാരത്തിൽ വികസിത രാജ്യങ്ങൾക്കൊപ്പമെത്തി. കേരളത്തിൽ വിശ്വസിച്ച് നിക്ഷേപം നടത്താം. അത് നാടിന്റെ മൂലധനമാക്കി മാറ്റാം. പ്രവാസി നിക്ഷേപത്തിന് വർദ്ധിച്ച പ്രതിഫലം ഉറപ്പാക്കാം.
പരമ്പരാഗത രീതികൾ വിട്ട് പുതിയ രീതികൾ തേടുകയാണ് സർക്കാർ. പ്രവാസി സഹകരണ സംഘങ്ങൾ, നിക്ഷേപ കമ്പനി എന്നിവ ചിലതുമാത്രം. ലോകകേരള സഭ വെറും ആരംഭശൂരത്വമായിരുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാവും - പിണറായി പറഞ്ഞു.
കേന്ദ്രത്തിന്റെ കണ്ണ് വിദേശനാണ്യത്തിൽ
കുടിയേറ്റത്തെ പറ്റി ദേശീയ നയമില്ലാത്തത് ഗുരുതരമാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്രം കാണാത്തത് മനുഷ്യത്വരഹിതമാണ്. പ്രവാസി ക്ഷേമത്തിനായി നിയമനിർമ്മാണത്തിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും. പ്രവാസിപ്പണം കൊണ്ട് വിദേശനാണ്യ ശേഖരം കനക്കുമ്പോൾ പ്രവാസികളുടെ ക്ഷേമത്തിന് സമയമില്ലെന്ന് വരരുത്. വിദേശനാണ്യം കേന്ദ്രത്തിനും അതുണ്ടാക്കി തരുന്നവരുടെ ക്ഷേമച്ചുമതല സംസ്ഥാനത്തിനുമെന്ന നിലയാണ്. സംസ്ഥാനം പരമാവധി ചെയ്യുന്നുണ്ട്. നോർക്ക പ്രീ-ഡിപ്പാർച്ചർ സെന്റർ തുടങ്ങി. നൈപുണ്യ വികസനത്തിന് കേന്ദ്രത്തിന് പദ്ധതിയില്ല. സംസ്ഥാനം നൈപുണ്യ വികസന കോഴ്സുകൾ തുടങ്ങി. ഉദ്യോഗാർത്ഥികൾ തട്ടിപ്പിനിരയാവുന്നത് തടയാൻ കേന്ദ്രം ഇടപെടുന്നില്ല. സംസ്ഥാനം കൂടുതൽ ശ്രദ്ധിക്കുന്നു. വേതനം തടഞ്ഞുവയ്ക്കൽ, റിക്രൂട്ടമെന്റ് തട്ടിപ്പ് എന്നിവയിൽ ഇടപെടാൻ എംബസികളെ സജ്ജമാക്കണം. ഇതിനായി സംസ്ഥാനം പ്രവാസി ലീഗൽ സെൽ തുടങ്ങി. മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് ദേശീയ പദ്ധതികളില്ല. സംസ്ഥാനം നോർക്കയുടെയും പ്രവാസി ക്ഷേമബോർഡിന്റെയും പദ്ധതികൾ വിപുലമാക്കും. പ്രവാസിക്ഷേമത്തിനായി പ്രവാസികളുടെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഓഹരിയോടെ കൺസോർഷ്യം രൂപീകരിക്കണം. കേന്ദ്രത്തെ കൊണ്ട് ദേശീയ കുടിയേറ്റനയം രൂപീകരിപ്പിക്കാൻ ലോകകേരള സഭയ്ക്ക് കഴിയണമെന്നും പിണറായി പറഞ്ഞു.