വമ്പൻ പദ്ധതികൾ കാണിച്ച് ജനങ്ങളിൽ പ്രതീക്ഷ ജനിപ്പിക്കുന്ന പതിവു ശൈലി വിട്ട് എളുപ്പം നടപ്പാക്കാൻ കഴിയുന്ന യാഥാർത്ഥ്യ ബോധമുള്ള ഒരു പിടി പദ്ധതിയുമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതുവർഷത്തിൽ വ്യത്യസ്തനാകുന്നത്. സാധാരണ മനുഷ്യരെ മനസിൽ കണ്ട് അവർക്കു സഹായകമായ കാര്യങ്ങൾ നടപ്പാക്കാനാണു ശ്രമം. ഉദ്യോഗസ്ഥന്മാരെ കർമ്മോന്മുഖരാക്കുകയും ചിട്ടയോടെ നേതൃത്വം നൽകുകയും ചെയ്താൽ മികച്ച ഫലം തന്നെ സൃഷ്ടിക്കാനാവും. വളരെയൊന്നും മുതൽ മുടക്ക് ആവശ്യമില്ലാത്തവയാണ് പുതുവർഷത്തിൽ മുൻഗണന നൽകി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളിലധികവും. വലുതോ ചെറുതോ ആയ ഏതു പദ്ധതിയുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട് സാധാരണയായി കണ്ടുവരാറുള്ള സാങ്കേതിക തടസങ്ങൾ പാടേ ഒഴിവാക്കുന്ന സമീപനമായിരിക്കും പദ്ധതി നിർവഹണത്തിൽ സ്വീകരിക്കുക. കേരളത്തിന്റെ സാഹചര്യങ്ങളിൽ ഇത് പരമ പ്രധാനമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
ട്വന്റി ട്വന്റി ക്രിക്കറ്റിനെ ആവേശഭരിതമാക്കുന്നത് അതിന്റെ സാങ്കേതിക മികവും സംഭ്രമജനകമായ ചടുലതയുമാണ്. പുതുവർഷ സമ്മാനമായി പിണറായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ജനകീയ പദ്ധതികൾക്കും ട്വന്റി ട്വന്റിയുടെ കളി നിയമമാകും മാതൃക. പരമാവധി വേഗത്തിൽ ലക്ഷ്യം നേടുക എന്നതായിരിക്കും പ്രമാണം. വീടില്ലാത്തവർക്കും റേഷൻ കാർഡ് നൽകാൻ അത്യദ്ധ്വാനമൊന്നും വേണ്ട. അപേക്ഷ സ്വീകരിച്ച്, മറ്റിടങ്ങളിൽ റേഷൻ കാർഡില്ലെന്ന് ഉറപ്പാക്കിയാൽ ദിവസങ്ങൾക്കകം പുതിയ കാർഡ് നൽകാവുന്നതേയുള്ളൂ. റേഷൻ കാർഡ് ഒപ്പിക്കാനുള്ള ഭഗീരഥശ്രമവുമായി നടക്കുന്നവർ സംസ്ഥാനത്തുടനീളമുണ്ട്. സ്വന്തമായി വീടില്ലാത്തവരും തദ്ദേശ സ്ഥാപനങ്ങളുടെ നമ്പരിടാത്ത വീടുകളിൽ കഴിയുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ദൂരദേശങ്ങളിൽ നിന്ന് സ്ഥലം മാറി ഇവിടെ താമസിക്കുന്നവരുണ്ട്. ഇവരൊക്കെ എത്രയോ കാലമായി റേഷൻ കാർഡിനായി സർക്കാരാഫീസുകൾ കയറിയിറങ്ങുന്നവരാണ്. അർഹരായ എല്ലാപേർക്കും ഈ വർഷം തന്നെ കാർഡ് ലഭ്യമാക്കാനുള്ള സർക്കാരിന്റെ നീക്കം സ്വാഗതാർഹമാണ്. വലിയൊരു സാമൂഹ്യ ഉത്തരവാദിത്വമാണ് സർക്കാർ ഇതുവഴി നിറവേറ്റുന്നത്.
പുതുവർഷ പദ്ധതികളിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വലിയ പ്രാധാന്യം നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഉയരുന്ന പ്രധാന പരാതികളിലൊന്ന് തകർന്നു തരിപ്പണമായ റോഡുകളാണ്. തുടർച്ചയായ രണ്ട് പ്രളയങ്ങളും നീണ്ടുനീണ്ടു പോയ മഴക്കാലവും റോഡുകൾക്കു വരുത്തിയ നാശം ചില്ലറയൊന്നുമല്ല. പൊട്ടിപ്പൊളിഞ്ഞും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ നിരവധി വാഹനയാത്രക്കാരുടെയും കാൽനടക്കാരുടെയും ജീവനുകളും കവർന്നെടുത്തിട്ടുണ്ട്. ഹൈക്കോടതി ഒന്നിലധികം തവണ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. ദേശീയപാതകളിലെ അറ്റകുറ്റപ്പണികൾ ഡിസംബർ 31-നു മുമ്പും സംസ്ഥാന പാതകളുടേത് ജനുവരി 31-നു മുമ്പും തീർത്തിരിക്കണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. മഴ മാറിയതോടെ പലേടത്തും റോഡ് പണി ആരംഭിച്ചിട്ടുണ്ട്. മേയ് 31-നു മുമ്പ് മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യം വച്ചിട്ടുള്ളത്. മറ്റു വകുപ്പുകളെ അപേക്ഷിച്ച് കാര്യശേഷിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മരാമത്തു വകുപ്പിന് ഈ ലക്ഷ്യം നേടാൻ പ്രയാസമുണ്ടാകില്ല. ഗതാഗതയോഗ്യമായ റോഡുകൾ ജനങ്ങളുടെ വലിയൊരു സ്വപ്നവും ആഗ്രഹവുമാണ്. റോഡുകൾ നന്നാക്കുന്നതിനൊപ്പം റോഡുകളിലെ കൈയേറ്റങ്ങൾക്ക് അറുതി വരുത്താൻ കൂടി നടപടിയെടുക്കണം. വഴിവിളക്കുകൾ മുടങ്ങാതെ കത്തുന്നുണ്ടെന്നും ഉറപ്പാക്കണം. റോഡുകൾ നന്നായിരുന്നാൽത്തന്നെ അപകടമരണ നിരക്കിൽ നല്ല കുറവുണ്ടാകും.
വിവിധ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ഈ വർഷം തന്നെ തീർപ്പുണ്ടാക്കാനുള്ളതാണ് മറ്റൊരു പദ്ധതി. ഇതിനായി താലൂക്ക് തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. അതതു ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തുകളിൽ മന്ത്രിമാരും സംബന്ധിക്കും. സർക്കാർ ഓഫീസുകളിൽ എത്തുന്ന ഓരോ അപേക്ഷയും ഓരോ ജീവൽപ്രശ്നം ഉൾക്കൊള്ളുന്നതാണെന്ന് ഉദ്യോഗസ്ഥർ സദാ ഓർക്കണമെന്ന് മുഖ്യമന്ത്രി അവസരം കിട്ടുമ്പോഴെല്ലാം ഓർമ്മിപ്പിക്കാറുള്ളതാണ്. പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടായിക്കാണുന്നില്ല. ജനങ്ങൾ ഏറ്റവുമധികം ഇടപെടാറുള്ള ഓഫീസുകളിലെല്ലാം പരാതികളടങ്ങിയ അപേക്ഷകളുടെ കൂമ്പാരമാണ് ഇപ്പോഴും. സെക്രട്ടേറിയറ്റിൽത്തന്നെ പതിനായിരക്കണക്കിനാണ് തീർപ്പുകാത്തുകഴിയുന്ന ഫയലുകൾ. തീവ്രയജ്ഞം നടത്തിയിട്ടുപോലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. പുതുവർഷത്തിലെങ്കിലും അവയ്ക്കു മോചനമുണ്ടാകുമെങ്കിൽ നല്ല കാര്യം.
പുതുവർഷ പ്രഖ്യാപനങ്ങളിൽ മറ്റൊരു ആകർഷണം സംസ്ഥാനത്തുടനീളം വഴിയോരങ്ങളിൽ 12000 ടോയ്ലറ്റുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശമാണ്. മുമ്പ് പല സർക്കാരുകളും ശ്രമിച്ചിട്ട് ലക്ഷ്യത്തിലെത്താതെ പോയ പദ്ധതിയാണിത്. വിനോദ സഞ്ചാര വകുപ്പ് അവിടവിടെ ഏതാനും വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. ദൂരയാത്രക്കാർ ഉൾപ്പെടെയുള്ള വഴിയാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയിരുന്നെങ്കിൽ എന്നേ ഇതിന് പരിഹാരമുണ്ടാകുമായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ വിശ്രമിക്കുന്നതിന് എല്ലാ പട്ടണങ്ങളിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയും മാതൃകാപരമാണ്. ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം പരാതിക്കിടയില്ലാത്തവിധം അതിന്റെ നടത്തിപ്പിനു കൂടി ഏർപ്പാടുകളുണ്ടാക്കണം.
വനവത്കരണ വിഷയത്തിൽ സംസ്ഥാനം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. കേരളത്തിന്റെ ഏറ്റവും വലിയ ആകർഷകത അതിന്റെ പച്ചപ്പാണ്. ഈ വർഷം 37 കോടി വൃക്ഷത്തൈ നടാനുള്ള തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തിൽ ഉചിതം തന്നെയാണ്. നടുന്ന വൃക്ഷത്തൈകളിൽ പത്തു ശതമാനമെങ്കിലും നിലനിന്നാൽ മഹാനേട്ടമാകും അത്.
വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി സാദ്ധ്യത സൃഷ്ടിക്കുക, സാങ്കേതിക വിദ്യാഭ്യാസം നേടിയവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് സൗകര്യം തുടങ്ങി നവീന പദ്ധതികൾ വേറെയും ഉണ്ട്. കാലാവധി തീരാൻ ഒരുവർഷത്തിലധികം മാത്രമുള്ള സർക്കാരിന്റെ കൈപ്പിടിയിലൊതുങ്ങുന്നതും നടപ്പാക്കാനാവുന്നതുമായ പദ്ധതികളാണിവ. ദൃഢനിശ്ചയവും ഇച്ഛാശക്തിയും പുറത്തെടുത്താൽ അനായാസം ലക്ഷ്യപ്രാപ്തിയിലെത്താനുമാകും.