തിരുവനന്തപുരം: ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക കേരളസഭ ബഹിഷ്‌കരിക്കുന്നതിനിടെ, സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എം.പിയുടെ കത്ത്.
ലോക പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്നും രാജ്യ നിർമാണത്തിൽ നിസ്തുലമായ പങ്ക് വഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചു കൊണ്ടുവരുന്ന സഭ മികച്ച വേദിയായി മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ആശംസാസന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. അതേ സമയം,രണ്ടാം ലോക കേരളസഭ ചടങ്ങുകളിൽ നിന്ന് പ്രതിപക്ഷം വിട്ട് നിൽക്കുകയാണ്.
രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. 'അങ്ങയുടെ വാക്കുകൾക്ക് നന്ദി'യെന്ന് ട്വിറ്ററിൽ മുഖ്യമന്ത്രി കുറിച്ചു. രാഹുലിന്റെ ആശംസയും ട്വീറ്റ് ചെയ്തു. ലോകകേരള സഭയ്ക്ക് ആശംസ തേടി പി.ആർ.ഡിയാണ് രാഹുലിന്റെ വയനാട്ടിലെ ഓഫീസിനെ സമീപിച്ചത്. അവിടെ നിന്നുള്ള ശുപാർശ പ്രകാരം ഡൽഹിയിലെ ഓഫീസിൽ നിന്നാണ് ലെറ്റർഹെഡിൽ രാഹുൽ ഒപ്പിട്ട കത്ത് ലഭിച്ചത്.