തിരുവനന്തപുരം: ഇന്ത്യയുടെ മഹാനിധിയാണ് വേദങ്ങളെന്നും മനസും കണ്ണും ലോകത്തിനും മൂല്യങ്ങൾക്കും നേരേ പിടിക്കാൻ വേദപഠനം ഉപകരിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിന്റെ ഭാഗമായ ദേശീയ വേദിക് സമ്മേളനം പാഞ്ചജന്യം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചിന്ത പുരാതനമെങ്കിലും ഒരിക്കലും പഴയതല്ല. പാരമ്പര്യ ചിന്തയെ പുതുക്കാനുള്ള കഴിവ് രാജ്യത്തിനുണ്ട്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള അവബോധം നഷ്ടപ്പെട്ടതാണ് പല പ്രശ്‌നങ്ങൾക്കും കാരണം.വേദങ്ങളിലെ ദാർശനികമൂല്യം, ഉന്നതജ്ഞാനം എന്നിവ പാശ്ചാത്യചിന്തകർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. മലയാളത്തിലാണ് അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്.
ഐ.എം.ജി. ഡയറക്ടർ ജനറൽ ഡോ.കെ.ജയകുമാർ അദ്ധ്യക്ഷനായിരുന്നു. വേദമെന്ന ദീപശിഖയെ ഒളിപ്പിക്കാൻ ശ്രമിക്കരുതെന്നും വേദസമീപനം ഹൃദയത്തിലുണ്ടെങ്കിൽ ജീവിതം ധർമ്മാനുസാരിയാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട്, ഡോ.സി.എം.നീലകണ്ഠൻ, ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.ഋഗ്വേദാലാപനം കേരളീയ ശൈലിയിൽ എന്ന സോദാഹരണ പ്രഭാഷണത്തിൽ ഡോ.എ.എം.നാരായണൻ മോഡറേറ്ററായി. നാരായണമംഗലത്ത് പരമേശ്വരൻനമ്പൂതിരി, പാണ്ടം സുബ്രഹ്മണ്യൻനമ്പൂതിരി, തിരുത്തുമുക്ക് നീലകണ്ഠൻനമ്പൂതിരി എന്നിവർ പങ്കെടുത്തു. ഋഗ്വേദ സംഹിത, യജുർവേദ സംഹിത എന്നിവയിലെ പ്രബന്ധാവതരണത്തിൽ ഡോ.കെ.പി.ശ്രീദേവി മോഡറേറ്ററായി. 5 വരെയാണ് സമ്മേളനം.