കിളിമാനൂർ: ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കൾക്ക് വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കാൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു കുടക്കീഴിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു. നവകേരള മിഷന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ലൈഫ് / പി.എം.എ.വൈ (ജി) ഭവന പദ്ധതിയിലൂടെ കിളിമാനൂർ ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി 1200 വീടുകൾ പൂർത്തികരിച്ചു. ഈ ഗുണ ഭോക്താക്കൾക്ക് സുരക്ഷിത ഭവനത്തോടൊപ്പം അന്തസാർന്ന സാമൂഹ്യ ജീവിതം ലഭ്യമാക്കാൻ വേണ്ടിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പട്ടികജാതിക്കാരും രോഗികളും ഉൾപ്പെടെ നിരവധി പേർ വിവിധ ആവശ്യങ്ങൾക്ക് സർക്കാർ ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയ്ക്ക് ഈ പദ്ധതിയിയുടെ ഒരു പരിധി വരെ ആശ്വാസം ലഭിക്കും. ഇതിനായി 18 ഓളം വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കിളിമാനൂർ ഗവ. എച്ച്.എസ്.എസിൽ പ്രത്യേകം കൗണ്ടറുകളിലാണ് ഉപഭോക്താക്കൾക്ക് പ്രയോജനം ലഭ്യമാക്കുന്നത്.