തിരുവനന്തപുരം: സ്‌പെയിനിൽ നിന്നുള്ള മാന്ത്രികൻ ജാവിയർ സബയുടെ മാജിക് ക്ളാസിൽ വിസ്‌മയ ഭരിതരായി ഭിന്നശേഷി കുട്ടികൾ. കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട് സെന്ററിലെ എംപവർ സെന്ററിലെ 100 കുട്ടികളാണ് സബയുടെ കീഴിൽ മാജിക് പരിശീലിച്ചത്. ഇന്നലെ രാവിലെയെത്തിയ സബ ഭിന്നശേഷിക്കുട്ടികളോടൊപ്പം വൈകുന്നേരം വരെ ചെലവഴിച്ചു. പ്രയാസമേറിയ മാജിക് ഇനങ്ങൾ ഭിന്നശേഷിക്കുട്ടികളെ പഠിപ്പിക്കുകയും അത് അവതരണയോഗ്യമാക്കുന്നതുവരെ പരിശീലനം നൽകുകയും ചെയ്തു. മാജിക് പ്ലാനറ്റിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള സ്ഥിരം ഇന്ദ്രജാലാവതരണ വേദിയായ എംപവർ സെന്ററിലെ ആറ് കുട്ടികൾ തുടർച്ചയായി ഒരുമണിക്കൂറിലേറെ ഇന്ദ്രജാല പ്രകടനം നടത്തി ഇന്ത്യാ ബുക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയിരുന്നു. ഇതറിഞ്ഞാണ് സബ മാജിക് പ്ലാനറ്റ് സന്ദർശിക്കാൻ തീരുമാനിച്ചത്. ഇവരെപ്പോലെ 100 കുട്ടികൾ മാജിക് പ്ലാനറ്റിലുണ്ടെന്നറിഞ്ഞ സബ കുട്ടികളെ നേരിട്ടു കാണുന്നതിനും ഇന്ദ്രജാല പരിശീലനം നടത്തുന്നതിനും താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ സബ മാജിക് പ്ലാനറ്റിലെത്തിയത്. ഭിന്നശേഷിക്കുട്ടികളെ മാജിക് ഇത്ര എളുപ്പത്തിൽ അഭ്യസിപ്പിക്കാനാകുമെന്ന് കരുതിയില്ലെന്ന് സബ പറഞ്ഞു. വളരെവേഗം ഓരോ ചലനങ്ങളും മനസിലാക്കി അവതരിപ്പിക്കാൻ കുട്ടികൾ കാണിച്ച ആവേശം തന്നെ അദ്ഭുതപ്പെടുത്തിയെന്നും സബ പറഞ്ഞു. മാജിക് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ ജിൻ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.