maradu-flat

തിരുവനന്തപുരം: മരടിൽ അനധികൃതമായി പണിത ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. ജനവാസം കുറഞ്ഞ മേഖലയിലുള്ള ജയിൻ കോറൽ കോവ് ആദ്യം പൊളിക്കും. നേരത്തെ ഹോളിഫെയ്ത്തിലെ 19നിലകൾ ആദ്യം പൊളിക്കാനായിരുന്നു ധാരണയായതെങ്കിലും ഇന്നലെ മന്ത്രി എ.സി.മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജയിൻ കോറൽ കോവ് ആദ്യം പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈമാസം 11മുതൽ പൊളിക്കൽ നടപടികൾ തുടങ്ങാൻ നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും ഇന്ന് ചേരുന്ന സാങ്കേതിക സമിതി യോഗത്തിലേ അന്തിമ തീരുമാനം ഉണ്ടാകൂ. പൊളിക്കുന്നതിനുള്ള സമയക്രമവും ഇന്ന് നിശ്ചയിക്കും.

ഫ്ലാറ്റ് പൊളിക്കുന്നതിനിടെ സമീപവാസികൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കണമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പട്ടിണി സമരം നടത്തിയവരുടെ ആശങ്കകൾ അകറ്റണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് പരിസര വാസികളെ തേവര എസ്.എച്ച് , പനങ്ങാട് ഫിഷറീസ് കോളേജുകളിലേക്ക് മാറ്റും. നാശനഷ്ടം സംഭവിക്കുന്ന വീടുകൾക്ക് തുക നൽകുന്നതിനെക്കുറിച്ചും ധാരണയായി. ഇക്കാര്യം ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയുമായി ചർച്ച ചെയ്തു. എം.സ്വരാജ് എം.എൽ.എ, ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുടെ സ്‌പെഷ്യൽ ഓഫീസർ സ്നേഹിൽകുമാർ, തദ്ദേശസ്വയംഭരണ സെക്രട്ടറി ടി.കെ.ജോസ്, മരട് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്.നദീറ, വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിശ പ്രതാപൻ, എറണാകുളം എ.ഡി.എം, സമരസമിതി പ്രതിനിധികളായ ഷാജി, പ്രകാശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.