porattom

നെയ്യാറ്റിൻകര: റോഡരികിൽ ചവർ കൊണ്ടിടുന്നത് തടയാനുള്ള നഗരസഭയുടെ ശ്രമങ്ങൾ പരാജയപ്പെട്ടിടത്ത്, മാലിന്യത്തിനെതിരെ പൂന്തോട്ടം സൃഷ്ടിച്ച് കൊണ്ടുള്ള നാട്ടുകാരുടെ പദ്ധതി വൻവിജയം. ബോർഡ് സ്ഥാപിച്ചിട്ടും കാമറകൾ വച്ചിട്ടും പരിഹരിക്കാനാകാത്ത മാലിന്യനിക്ഷേപമാണ് പൂന്തോട്ട നിർമ്മാണത്തിലൂടെ നാട്ടുകാർ പരിഹരിച്ചിരിക്കുന്നത്. നാട്ടുകാർ ചേർന്നാണ് ഇതിന്റെ ചെലവുകളും വഹിച്ചത്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് പുറകിലെ കുരിശടി പള്ളി റോഡിലാണ് ജൈവമാലിന്യവും ഹോട്ടൽ വേസ്റ്റുമൊക്കെ രാത്രി കാലങ്ങളിൽ കൊണ്ടിടുന്നത് പതിവായിരുന്നത്. നാട്ടുകാരും കോൺവെന്റ് സ്‌കൂളിലേക്കും വിദ്യാധിരാജാ സ്‌കൂളിലേക്കും പോകുന്ന വിദ്യാർത്ഥികളും മൂക്കുപൊത്തിയാണ് ഇതു വഴി പോയിരുന്നത്. ഞായറാഴ്ച ദിവസം പ്രാർത്ഥനയ്ക്കായി പള്ളിയിലെത്തുന്നവർ നടന്നിരുന്നതും മാലിന്യക്കൂമ്പാരത്തിലൂടെ തന്നെ. റോഡ് ഇന്റർലോക്ക് ചെയ്ത് ഭംഗിയാക്കിയതോടെ മാലിന്യം കൊണ്ടിടുന്നത് കുറയുമെന്ന് വിചാരിച്ചെങ്കിലും അളവ് കൂടുകയാണ് ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടൗണിൽ 36 സി.സി.ടിവി കാമറകൾ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗം കാമറകളും പ്രവർത്തനരഹിതമാണിപ്പോൾ. നഗരസഭയുടെ മാലിന്യനീക്കം കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. പല സ്ഥലങ്ങളിലും എയ്‌റോബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്നും കൃത്യമായി മാലിന്യം നീക്കം ചെയ്യാതെ വന്നതോടെ മാലിന്യം റോഡിലേക്ക് ഒഴുകി നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. ഗ്രാമം ജംഗ്ഷനിലെയും പാലക്കടവിലെയും എയ്‌റോബിന്നുകളിൽ നിന്നും സ്ഥിരമായി മാലിന്യംനീക്കം ചെയ്യാറില്ലെന്ന് കൗൺസിലർമാർ നിരന്തരം പരാതിപ്പെടുന്നു. എയ്‌റോബിന്നുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം സംസ്‌കരിക്കാനിടമില്ലാതെ നഗരസഭയും നെട്ടോട്ടമോടുകയാണ്. അതേസമയം നെയ്യാറ്റിൻകര ടൗൺ പ്രദേശത്തെ പല സ്ഥലങ്ങളിലും നാട്ടുകാരുടെ ഇടപെടൽ കാരണം തുറസായ സ്ഥലങ്ങളിൽ മാലിന്യം കൊണ്ടിടുന്നത് കുറഞ്ഞിട്ടുണ്ട്. അടുത്തിടെ നെയ്യാർ തീരത്ത് മാലിന്യം കൊണ്ടിടാൻ ശ്രമിച്ച നഗരസഭ വക ലോറി നാട്ടുകാർ ചേർന്ന് തടഞ്ഞു വച്ചിരുന്നു. പിന്നീട് അധികൃതരെത്തിയാണ് ലോറിയേയും നഗരസഭാ ജീവനക്കാരേയും മോചിപ്പിച്ചത്.

പൂവ് വന്നു, മാലിന്യം പോയി
കുരിശടി പള്ളി റോഡിൽ പൂന്തോട്ട നഗരങ്ങളെ അനുസ്മരിപ്പിക്കും വിധം പൂച്ചെട്ടികളിൽ ചെടികൾ വച്ച ശേഷം ഇവ മാലിന്യം കൊണ്ടിടുന്ന റോഡരികിൽ സ്ഥാപിച്ചു. പൂച്ചെട്ടിയുടെ മനോഹാരിത വന്നതോടെ മാലിന്യം വലിച്ചെറിയുന്നതും ക്രമേണ നിലച്ചു.