malayinkil

മലയിൻകീഴ്: വിളപ്പിൽശാലയിലെ പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. ഗവൺമെന്റ് അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ച് വിളപ്പിൽശാല ജംഗ്ഷന് സമീപം സ്റ്റേഷൻ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നാല് മാസം മുൻപ് പൂർത്തിയാക്കിയിരുന്നു. വർഷങ്ങളായി യാതൊരു സൗകര്യങ്ങളുമില്ലാത്ത വാടക കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ 2017 ലാണ് ബഹുനില മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോവുകയായിരുന്നു.

ഐ.ബി.സതീഷ്.എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ അടൂർ പ്രകാശ് എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, എ.ഡി.ജി.പി. ഷേയ്ക്ക് ദർവേഷ് സാഹെബ്,ഐ.ജി.മാരായ ബൽറാംകുമാർ ഉപാധ്യായ, പി.വിജയൻ,ഡി.ഐ.ജി.സഞ്ജയ് കുമാർ ഗുരുഡിൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,ഡിവൈ.എസ്.പി.സറ്റുവർട്ട് കീലർ,വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ ബി.എസ്.സജിമോൻ,എസ്.ഐ.ഷിബു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ സംസാരിക്കും.