ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് അടൂർ പ്രകാശ് എം.പി പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്ന് തവണ ത്രി എ നോട്ടിഫിക്കേഷൻ ലാപ്‌സായി. നടപടിക്രമങ്ങൾ ഫോളോ ചെയ്യുന്നതിലെ വീഴ്ച മൂലമാണ് ഇത് നടക്കാതെ പോയത്.
ഇത്തവണ പാർലമെന്റിന്റെ ആദ്യ സെക്ഷനിൽ തന്നെ ജൂൺ 21ന് ആറ്റിങ്ങൽ ബൈപ്പാസ് സംബന്ധിച്ച് സബ്മിഷൻ ഉന്നയിച്ചു. ജൂൺ 27ന് വകുപ്പ് മന്ത്റി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം അറിയിച്ചു. പാർലമെന്റിന്റെ രണ്ടാമത്തെ സെക്ഷനിൽ നവംബർ 18ന് വീണ്ടും സബ്മിഷൻ അവതരിപ്പിച്ചു. ഇതിന്റെ ഫലമായി ത്രി എ നോട്ടിഫിക്കേഷൻ നവംബർ 30ന് അപ് ലോഡ് ചെയ്തിട്ടുണ്ട്. എൻ.എച്ച്.എ.ഐ.യുടെ അപ്രൂവലിന് വേണ്ടി കാത്തിരിക്കുകയാണ്. അപ്രൂവൽ ലഭിച്ചാൽ ഗസറ്റ് നോട്ടിഫിക്കേഷനും തുടർ നടപടികളും വരും. തുടർന്ന് 3 ഡി നോട്ടിഫിക്കേഷൻ വരും. ഇതിന് ശേഷമേ ഭൂമി ഏറ്റെടുക്കൽ സാദ്ധ്യമാകൂ. ഇവയെല്ലാം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ശ്രീചിത്രയിലെ സൗജന്യ ചികിത്സാ സഹായം വെട്ടിക്കുറച്ചതിനെതിരേ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്റിയുമായി കൂടിക്കാഴ്ച നടത്തി പ്രതിഷേധം അറിയിച്ചു. കയർമേഖലയിലെ തൊഴിലുറപ്പ് വരുത്തുന്നതിനും കൂലി വർദ്ധനയ്ക്കും കേരളത്തിന് പ്രത്യേക സഹായം അനുവദിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടു.
നാവായിക്കുളം ഇ.എസ്.ഐ. ഡിസ്‌പെൻസറി നിർമ്മാണം വൈകുന്ന കാര്യം വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ് വാറിനെ നേരിട്ട് കണ്ട് ശ്രദ്ധയിൽപ്പെടുത്തി. മറ്റ് ഉദ്യോഗസ്ഥരെയും കണ്ട് ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കെട്ടിട നിർമ്മാണം ആരംഭിക്കും. നെടുമങ്ങാട്ടും ചിറയിൻകീഴിലും കേന്ദ്രീയ വിദ്യാലയം ആരംഭിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.