പാറശാല : പുതുവർഷാഘോഷത്തിന് ആവശ്യപ്പെട്ട 100 രൂപ നൽകാത്തതിന് ചക്ക കച്ചവടക്കാരനായ യുവാവിനെ സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചവശനാക്കിയ ശേഷം ശരീരത്തിലൂടെ ആട്ടോ കയറ്റിയിറക്കിയതായി പരാതി. ഗുരുതരമായി പരിക്കേറ്റ പാറശാല ഇഞ്ചിവിളക്ക് സമീപം കാരാളി തേവരുവിള പുത്തൻവീട്ടിൽ പരേതനായ ഡാനിയേലിന്റെയും ചന്ദ്രികയുടെയും മകൻ സെന്തിൽ റോയിയെ (37) തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സി.പി.എം നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയും പാറശാല ലോക്കൽ കമ്മിറ്റി അംഗവുമായ പ്രദീപിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തി. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി സെന്തിലിന്റെ മൊഴിയെടുത്തു. ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലും നടന്ന നിരവധി അടിപിടി കേസുകളിൽ പ്രതിയാണ് പ്രദീപ്. മറ്റ് പ്രതികളെ പൊലീസ് തെരയുന്നു.
ഡിസംബർ 31ന് രാത്രി 11 മണിയോടെ ഇഞ്ചിവിള ഗവ.എൽ.പി സ്‌കൂളിന് മുന്നിലായിരുന്നു സംഭവം.
കച്ചവടം കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സെന്തിലിനെ 12 പേരടങ്ങുന്ന സി.പി.എം സംഘം തടഞ്ഞു നിറുത്തി 100 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പണം നൽകാൻ വിസമ്മതിച്ചതോടെ സംഘം സെന്തിലിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചു. തുടർന്ന് വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ കൂട്ടത്തിലൊരാളുടെ ആട്ടോ സെന്തിലിന്റെ ശരീരത്തിലൂടെ മൂന്ന് തവണ കയറ്റിയിറക്കിയതായി പൊലീസ് പറഞ്ഞു. ഗുരുതര നിലയിൽ സെന്തിൽ റോഡിൽ കിടക്കുന്നതായി പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടുകാർ അറിഞ്ഞത്. അബോധാവസ്ഥയിൽ കിടന്ന സെന്തിലിനെ നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആക്രമണത്തിൽ തുടയെല്ലിനും വാരിയെല്ലുകൾക്കും പൊട്ടലേറ്റ സെന്തിലിന്റെ നില അതീവ ഗുരുതരമായതിനാൽ ഹൈ കെയർ വാർഡിൽ നിരീക്ഷണത്തിലാണ്. ശ്വാസകോശത്തിന് തകരാറ് പറ്റിയതിനാൽ കൃത്രിമ ശ്വാസം നൽകിവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കോൺഗ്രസ് അനുഭാവിയായ സെന്തിൽ ചക്കക്കച്ചവടം നടത്തുന്ന സ്ഥലത്തെത്തി അടുത്തിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നോക്കുകൂലി ആവശ്യപ്പെട്ടിരുന്നുവെന്നും നോക്കുകൂലി നൽകാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് പുതുവർഷത്തലേന്ന് ആക്രമണത്തിൽ കലാശിച്ചതെന്നും പറയുന്നു. സെന്തിൽ അവിവാഹിതനാണ്.