തിരുവനന്തപുരം: ചില ഉല്പന്നങ്ങൾക്ക് ജി.എസ്. ടി നിരക്ക് ഘട്ടം ഘട്ടമായി കൂട്ടിയേക്കും. നിരക്കിൽ വർദ്ധനവുണ്ടാകില്ലെന്ന് കഴിഞ്ഞ ജി.എസ്. ടി കൗൺസിൽ യോഗത്തിന് ശേഷം അറിയിച്ചിരുന്നെങ്കിലും നിലവിലുള്ള നിരക്കുകളിലും സ്ലാബുകളിലും മാറ്രം വരുത്തി ക്രമേണ നിരക്ക് ഉയർത്താനാണ് നീക്കം.
കഴിഞ്ഞ മാസം 1.12 ലക്ഷം കോടി രൂപയാണ് ജി.എസ് ടി വരുമാനമായി പ്രതീക്ഷിച്ചതെങ്കിലും 1.006 ലക്ഷം കോടി രൂപയേ നികുതിയായി ലഭിച്ചുള്ളു. നഷ്ടപരിഹാരത്തുകയായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം 63,000 കോടി കൊടുക്കാനുമുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്കുകൾ വർദ്ധിപ്പിക്കാനാലോചിക്കുന്നത്. 5,12,18,28 ശതമാനം കൂടാതെ 0.25 ,3 ശതമാനം നിരക്കുകളാണ് ജി.എസ്. ടിക്കുള്ളത്.
ജി.എസ്. ടി ഇല്ലാത്തതും 5 ശതമാനം ജി.എസ്.ടിയും ഇൻപുട്ട് ടാക്സ് ക്രെഡിറ്രും ഇല്ലാത്തതുമായ ഇനങ്ങൾക്ക് 12 ശതമാനം വരെ നികുതി ഈടാക്കണമെന്നാണ് നിർദ്ദേശം. 5,12 ശതമാനം നിരക്കുകൾക്ക് പകരം പൊതുവായി
8 അല്ലെങ്കിൽ 9 ശതമാനമാക്കുക, 12,18 നിരക്കുകൾക്ക് പകരം 15 അല്ലെങ്കിൽ 16 ശതമാനമാക്കുക എന്നി നിർദ്ദേശങ്ങളും മുന്നിലുണ്ട്. നേരത്തേ 28 ൽ നിന്ന് 18 ശതമാനമായി നികുതി കുറച്ച ഉല്പന്നങ്ങൾക്ക് വീണ്ടും
ജി.എസ്. ടി 28 ശതമാനമാക്കണമെന്നും, മൊബൈൽ ഫോണുകൾക്കുള്ള ജി.എസ് ടി കൂട്ടണമെന്നും നിർദ്ദേശമുണ്ട്.