തിരുവനന്തപുരം: അരുവിക്കര ജല ശുദ്ധീകരണശാലയിലെ രണ്ടാംഘട്ട നവീകരണത്തെ തുടർന്ന് നഗരത്തിൽ വെള്ളം മുടങ്ങുന്ന സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കും. ആദ്യ ഘട്ടത്തിലേതു പോലെ കൂടുതൽ സ്ഥലങ്ങളിൽ കുടിവെള്ളത്തിന് ക്ഷാമമുണ്ടാകില്ല. നഗരത്തിലെ ഒരു ഭാഗത്താവും കുടിവെള്ളം മുടങ്ങുക. അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്താനായി വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗർ, ചൂഴാറ്റുകോട്ട, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ വെൻഡിംഗ് പോയിന്റുകളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ ടാങ്കറുകൾക്ക് പുറമേ കോർപറേഷൻ, പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്തും.
ജലവിതരണം മുടങ്ങുന്നത് ഇവിടെ
കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർ നഗർ, നന്തൻകോട്, ദേവസ്വം ബോർഡ് ജംഗ്ഷൻ, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, അലത്തറ, സി.ആർ.പി.എഫ് ജംഗ്ഷൻ. കണ്ണമ്മൂല, ഗൗരീശപട്ടം, എന്നിവിടങ്ങളിൽ.
അടച്ചിടുന്നത്- 86 എം.എൽ.ഡിയുടെ ഒരു പ്ലാന്റ് മാത്രം
കുടിവെള്ളം മുടങ്ങുന്നത് - നാളെ ഉച്ചയ്ക്ക് 2 മുതൽ ഞായറാഴ്ച രാവിലെ വരെ
പരമാവധി വെള്ളം നേരത്തെ ശേഖരിച്ചാൽ വീടുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാവും. അത്യാവശ്യ ഘട്ടങ്ങളിൽ ജലവിതരണം നടത്താനായി വാട്ടർ അതോറിട്ടിയുടെ വിവിധ വെൻഡിംഗ് പോയിന്റുകളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അധികൃതർ വ്യക്തമാക്കി