പാറശാല: ഇഞ്ചിവിളയിൽ അക്രമിസംഘങ്ങൾ വിലസുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം യുവാവിനെ ആട്ടോ കയറ്റി ഇറക്കി അവശനാക്കിയ സംഭവം. ഇഞ്ചിവിള സ്വദേശി സെന്തിൽ റോയിയെ (37) ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സി.പി.എം നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയും പാറശാല ലോക്കൽ കമ്മിറ്റി അംഗവുമായ പ്രദീപിനെയാണ് പാറശാല പൊലീസ് അറസ്റ്റുചെയ്‌തത്. മുമ്പ് പലതവണയും സമാനമായ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊലീസിന് ശക്തമായ നടപടിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. രാഷ്ട്രീയപാർട്ടികളിലെ പ്രവർത്തകർ ഉൾപ്പെട്ട കേസുകൾ ഉന്നതനേതാക്കൾ ഇടപെട്ട് ഒതുക്കി തീർക്കുകയാണ്. പ്രദേശത്ത് കഞ്ചാവ് മാഫിയകളും ഗുണ്ടാസംഘങ്ങളും തഴച്ച് വളരുന്നതിൽ രാഷ്ട്രീയ നേതാക്കളുടെ സഹായമുണ്ടെന്നും ആരോപണമുണ്ട്. ഗുണ്ടാ സംഘങ്ങളുടെ അതിക്രമം കാരണം പ്രദേശത്തെ ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്. അക്രമസംഭവങ്ങളിൽ ശക്തമായ നടപടിവേണമെന്നാണ് ഇവരുടെ ആവശ്യം.