board

ഉള്ളൂർ: ചാലക്കുഴി റോഡിന്റെ പേര് മാറ്റി ' ആർച്ച് ബിഷപ്പ് മാർ ഗ്രീഗോറിയോസ് ' റോഡ് എന്ന് നാമകരണം ചെയ്‌തതിനെച്ചൊല്ലി തർക്കം. കർദ്ദിനാർ ബസേലിയോസ് ക്ളീമിസ് കത്തോലിക്കാ ബാവയുടെ സാന്നിദ്ധ്യത്തിൽ മേയർ കെ. ശ്രീകുമാർ അനാച്ഛാദനം നിർവഹിച്ചതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം. നാലാഞ്ചിറ - പട്ടം വാർഡുകളുടെ അതിർത്തിയാണ് ചാലക്കുഴി റോഡ്. നാലാഞ്ചിറ വാർഡ് ഉൾപ്പെടുന്ന സ്ഥലത്താണ് ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം സെപ്‌തംബറിൽ ചേർന്ന കൗൺസിൽ യോഗത്തിൽ പാസാക്കിയതാണ് പേരുമാറ്റമെന്നാണ് നാലാഞ്ചിറ വാർഡ് കൗൺസിലർ കോൺഗ്രസ് ത്രേസിയാമ്മ തോമസ് പറയുന്നത്.

എന്നാൽ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പട്ടം വാർഡ് കൗൺസിലറായ ബി.ജെ.പിയിലെ രമ്യ രമേശ് എസ്.ആർ പറയുന്നത്. അനാച്ഛാദനത്തിനായി മേയർ എത്തിയപ്പോഴാണ് ചാലക്കുഴി റോഡ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സംഭവം അറിയുന്നത്. സ്ഥലത്തെത്തിയ പ്രദേശവാസികൾ മേയറോട് ഇക്കാര്യം ചോദിക്കുകയും ചെയ്‌തു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുഴി റോഡ്,​ കേദാരം നഗർ,​ ശ്രീചിത്രാ നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മേയർക്ക് നിവേദനം നൽകി. പ്രദേശവാസികൾ ചോദ്യം ചെയ്‌തതിൽ ക്ഷുഭിതനായാണ് മേയർ മടങ്ങിയത്. വാർഡ് കൗൺസിലർമാരായ ത്രേസ്യാമ്മ തോമസ്, ജോൺസൺ ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് അസി. കമ്മീഷണ‌ർ ഷീൻ തറയിലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

'ആർച്ച് ബിഷപ്പ് മാർ ഗ്രീഗോറിയോസിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്‌മരണയ്ക്കായി വീടും പള്ളിയും സ്ഥിതി ചെയ്യുന്ന റോഡിന്റെ പേര് പുനർ നാമകരണം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ വർഷം സെപ്‌തംബറിൽ കൂടിയ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. ബി.ജെ.പിക്കാർ എതിർപ്പ് ഉന്നയിച്ചിരുന്നില്ല.

- ത്രേസ്യാമ്മ തോമസ്

നാലാഞ്ചിറ വാർഡ് കൗൺസിലർ

'നൂറ് വർഷത്തിലേറെ പഴക്കമുള്ള ചാലക്കുഴി റോഡിന്റെ പേര് മാറ്റരുത്. പഴയ പേര് നിലനിറുത്തണം. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കും.'

-സതീഷ് ചന്ദ്രൻ,​ സെക്രട്ടറി,​ ചാലക്കുഴി
റോഡ് റസിഡന്റ്സ് അസോസിയേഷൻ