തിരുവനന്തപുരം: ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ വീണ്ടും നിസ്സഹകരണ സമരം പ്രഖ്യാപിച്ചേനെയെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി 'ഇന്ത്യൻ ജനാധിപത്യവും കുടിയേ​റ്റവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തെയും ജനത പൂർണമായി അവിടെ ജനിച്ചുവളർന്നവരല്ല. അനേകം സ്വത്വബോധങ്ങളുടെ സമ്മിശ്രമാണ് നമ്മുടെ സ്വത്വം. ആരാണ് ഇന്ത്യാക്കാർ എന്ന ചോദ്യം ഉയരുന്ന സാഹചര്യത്തിൽ, പല കുടിയേ​റ്റങ്ങളിലൂടെയുമാണ് ഇന്ത്യൻ ജനത രൂപപ്പെട്ടതെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

1947ൽ റാഡ്ക്ലിഫ് ഭൂപടത്തിൽ വരച്ച വര തീർത്ത അതിർത്തികളാണ് ഇന്ത്യയുടേതെന്ന് ഓസ്‌കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി പറഞ്ഞു. പൗരത്വം തെളിയിക്കണമെന്ന് പറയുമ്പോൾ ഇന്ത്യയുടെ സംസ്‌കാരം എങ്ങനെ രൂപപ്പെട്ടുവെന്ന് മനസിലാക്കണം. ഒരു രാജ്യാതിർത്തികൾക്കും സംസ്‌കാരത്തെ നിർവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒ​റ്റദിവസം കൊണ്ട് ഇന്ത്യൻ പൗരന്മാർ അല്ലാതായ നിരവധി പേർ കേരളത്തിലുണ്ടായിരുന്ന കാര്യം മറക്കരുതെന്ന് ചലച്ചിത്രകാരനും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. സജീവമായ ജനാധിപത്യം ഇന്ത്യയിൽ തുടരുന്നതിന് കാരണം ശക്തമായ ഭരണഘടനയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്​റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണൻ പറഞ്ഞു. എല്ലാത്തിനുമുള്ള മറുപടി ഭരണഘടനയിലുണ്ട്. കുടിയേ​റ്റം ഏതുകാലത്തും ചർച്ചാവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോള നാടോടിയായാണ് സ്വയം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് ആഫ്രിക്കയിൽ താമസിക്കുന്ന മാദ്ധ്യമപ്രവർത്തക മേതിൽ രേണുക പറഞ്ഞു. മാദ്ധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ മോഡറേ​റ്ററായിരുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ ആമുഖപ്രഭാഷണം നടത്തി. യുവജനകമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം സ്വാഗതം പറഞ്ഞു.