കുളത്തൂർ: നടുറോഡിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരനെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം. കാട്ടായിക്കോണം ശാസ്‌തവട്ടം ആദിത്യഭവനിൽ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ രതീഷ് ആർ. നായരെയാണ് ട്രാഫിക് ലൈൻ തെറ്റിച്ചെന്നുകാട്ടി തുമ്പ സ്റ്റേഷനിലെ പൊലീസുകാരൻ മർദ്ദിച്ചത്. ചൊവ്വാഴ്ച രാത്രി 8ഓടെ തുമ്പ സ്റ്റേഷൻകടവ് റെയിൽവേ ഗേറ്റിന് മുന്നിലാണ് സംഭവം. രതീഷ് ഓടിച്ചിരുന്ന ബൈക്കിന്റെ ചാവി ഊരിയെടുത്ത ശേഷമായിരുന്നു മർദ്ദനം. ഹെൽമെറ്റുകൊണ്ട് മുഖത്തടിച്ചശേഷം മൊബൈൽ ഫോൺ തറയിൽ എറിഞ്ഞു നശിപ്പിച്ചെന്നും സിറ്റിപൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. നാട്ടുകാർ എതിർപ്പുമായെത്തിയപ്പോൾ രതീഷിനെ ബലമായി ജീപ്പിൽ കയറ്റി കൊണ്ടുപോയെന്നും സ്റ്റേഷനിലെത്തിച്ച ശേഷം മർദ്ദനം തുടർന്നെന്നുമാണ് പരാതി. അവശനായ രതീഷിനെ ബന്ധുക്കൾ സ്റ്റേഷനിലെത്തി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുതുവർഷത്തലേന്ന് റെയിൽവേ ഗേറ്റിന് സമീപം ട്രാഫിക് നിയന്ത്രിച്ച എസ്.ഐക്കുനേരെ യുവാവ് തട്ടിക്കയറിയത് പൊലീസുകാരൻ ചോദ്യം ചെയ്യുകയായിരുന്നെന്നും മർദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും തുമ്പ സി.ഐ പറഞ്ഞു.