arsenal-football
arsenal football

.മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0ത്തിന് കീഴടക്കി ആഴ്സനൽ

. ആഴ്സനൽ കോച്ചായി മൈക്കേൽ ആർട്ടേറ്റയുടെ

അരങ്ങേറ്റ വിജയം

ലണ്ടൻ : പരിശീലകന്റെ കുപ്പായത്തിലെത്തിയ മുൻ താരം മൈക്കേൽ ആർട്ടേറ്റയ്ക്ക് കന്നിവിജയം നൽകിയ ആഴ്സനലിന്റെ ചുണക്കുട്ടികൾ സ്വന്തം മണ്ണിൽ തകർത്തുവിട്ടത് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ.

കഴിഞ്ഞ രാത്രി​ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്സനൽ വീഴ്ത്തിയത്. നിക്കോളാസ് പെപ്പെ, സോക്രട്ടീസ് എന്നിവരാണ് ആഴ്സനലിന്റെ സ്കോറർമാർ.

എട്ടാം മിനിറ്റിൽ പെപ്പേയിലൂടെയായിരുന്നു ആഴ്സനൽ ലീഡെടുത്തത്. നാല്പത്തിരണ്ടാം മിനിട്ടിൽ പെപ്പെ തന്നെയെടുത്ത കോർണറിൽ നിന്നാണ് സോക്രട്ടീസ് ആഴ്സനലിന്റെ രണ്ടാം ഗോൾ നേടിയത്.

മുന്നേറ്റത്തിനൊരുങ്ങുകയായിരുന്ന യുണൈറ്റഡിന് ഈ തോൽവി ക്ഷീണമായി. നിലവിൽ പോയിന്റ് ടേബിളിൽ 31 പോയിന്റുമായി യുണൈറ്റഡ് അഞ്ചാമതും 27 പോയിന്റുള്ള ആഴ്സനൽ പത്താമതുമാണ്.

പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രിനടന്ന മറ്റ് മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി 3-0 ത്തിന് ന്യൂകാസിൽ യുണൈറ്റഡിനെയും മാഞ്ചസ്റ്റർ സിറ്റി 2-1ന് എവർട്ടണെയും കീഴടക്കി. സതാംപ്ടൺ 1-0 ത്തിന് ടോട്ടൻ ഹാമിനെ അട്ടിമറിച്ചു.

അയോസ് പെരെസ്, മാഡിസൺ, ചൗധരി എന്നിവർ നേടിയ ഗോളുകൾക്കാണ് ലെസ്റ്റർ ന്യൂകാസിലിനെ തോൽപ്പിച്ചത്. ഇൗ വിറയത്തോടെ ലെസ്റ്റർ 21 മത്സരങ്ങളിൽനിന്ന് 45 പോയിന്റുമായി രണ്ടാംസ്ഥാനത്ത് തുടരുകയാണ്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുള്ളത്. എവർട്ടനെതിരെ 51, 58 മിനിട്ടുകളിലായി ഗബ്രിയേൽ ജീസസ് നേടിയ ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയം കണ്ടത്. 71-ാം മിനിട്ടിൽ റിച്ചാർലിസണാണ് എവർട്ടന്റെ ആശ്വാസഗോൾ നേടിയത്.

കഴിഞ്ഞ 16 മത്സരങ്ങളിൽ ആഴ്സനൽ നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്.

ആർട്ടേറ്റ പരിശീലകനായി സ്ഥാനമേറ്റ ശേഷമുള്ള മൂന്നാമത്തെ മത്സരമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ.

കഴിഞ്ഞമാസം മാഞ്ചസ്റ്റർ സിറ്റിയുടെ സഹപരിശീലകൻ എന്ന നിലയിൽ നിന്ന് ആഴ്സനലിന്റെ മുഖ്യപരിശീലകനായെത്തിയ ആർട്ടേറ്റ ബേൺ മൗത്തുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. തുടർന്ന് 1-2ന് ചെൽസിയോട് തോറ്റു.

2011 മുതൽ 16 വരെ ആഴ്സനലിനായി കളിച്ച താരമാണ് ആർട്ടേറ്റ. ആഴ്സനലിൽ നിന്ന് വിരമിച്ചശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയിൽ പെവ് ഗ്വാർഡിയോളയുടെ അസിസ്റ്റന്റായത്.

'എതിരാളികൾ കളിക്കാനിറങ്ങാൻ ഭയക്കുന്ന വേദിയായി ആഴ്സനലിന്റെ എമിറേറ്റ്സ് ഗ്രൗണ്ടിനെ മാറ്റും."

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന് മുമ്പ് അർട്ടേറ്റ പറഞ്ഞത്.

87 ദിവസത്തിനുശേഷമാണ് ആഴ്സനൽ ഹോം ഗ്രൗണ്ടിൽ വിജയിക്കുന്നത്.

സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 7മത്സരത്തിന് ശേഷമാണ് ആഴ്സനൽ ജയം നേടുന്നത്.

ഒക്ടോബറിൽ യൂറോപ്പ ലീഗിൽ വിക്ടോറിയ ഗുയിറ്റ്സിനെതിരെ ആയിരുന്നു ഇതിന് മുമ്പ് എമിറേറ്റ്സിൽ ആഴ്സനലിന്റെ വിജയം.

രണ്ട് തുടർ ജയങ്ങളുമായി പ്രിമിയർ ലീഗിൽ

മത്സരഫലങ്ങൾ

ആഴ്സനൽ 2-മാൻ യുണൈറ്റഡ് 0

ലെസ്റ്റർ സിറ്റി 3-ന്യൂകാസിൽ 0

സതാംപ്ടൺ 1- ടോട്ടൻഹാം 0

മാഞ്ചസ്റ്റർ സിറ്റി 2-എവർട്ടൺ 1

വെസ്റ്റ് ഹാം 4-ബോൺമൗത്ത് 0

പോയിന്റ് നില

ലിവർപൂൾ 19-55

ലെസ്റ്റർ സിറ്റി 21-45

മാഞ്ചസ്റ്റർ സിറ്റി 21-44

ചെൽസി 21-36

മാൻ യുണൈറ്റഡ് 21-31

ടോട്ടൻ ഹാം 21-30

വോൾവർ 21-30

ഷെഫീൽഡ് 20-29

ക്രിസ്റ്റൽ പാലസ് 21-28

ആഴ്സനൽ 21-27