തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങാത്തത് ലോകകേരള സഭയിൽ ചർച്ചയായി. സമ്മേളനത്തിന്റെ രണ്ടാം ദിവസം മേഖലതിരിച്ചുള്ള ചർച്ചയിൽ യു.എ.ഇ വിഭാഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. അവധിക്കാലത്തെ വിമാനയാത്രാക്കൂലി വർദ്ധന, നഴ്‌സിംഗ് ഡിപ്ലോമയുടെ അംഗീകാരമില്ലാത്തത്, സർട്ടിഫിക്ക​റ്റ് വെരിഫിക്കേഷനിൽ സർവകലാശാലകൾ വരുത്തുന്ന കാലതാമസം, ഷിപ്പിംഗ് സർവീസ് ആരംഭിക്കുന്നത് എന്നിവയും ചർച്ചയായി. പ്രവാസികളായ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. മന്ത്റിമാരായ കെ.ടി. ജലീൽ, പി.തിലോത്തമൻ, ടി.പി. രാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ എന്നിവർ ഈ ചർച്ചയിൽ പങ്കെടുത്തു. പ്രവാസികൾ വിവിധ രാജ്യങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ സർക്കാർ ശക്തമായി ഇടപെടുമെന്ന് മന്ത്റി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എല്ലാ പ്രവാസികളും അവരുടെ പേര് റേഷൻ കാർഡിൽ ചേർക്കണമെന്ന് ഭക്ഷ്യമന്ത്റി പി. തിലോത്തമൻ പറഞ്ഞു. റേഷൻ കാർഡ് ഇ-കാർഡായി ഉടൻ മാ​റ്റുമെന്നും അദ്ദേഹം അറിയിച്ചു. സർട്ടിഫിക്ക​റ്റ് വെരിഫിക്കേഷനിൽ കാലതാമസം വരുത്തരുതെന്ന് വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്റി കെ.ടി. ജലീൽ പറഞ്ഞു.