കേപ്ടൗൺ : അഞ്ജാത രോഗത്തിൽനിന്ന് ഏറക്കുറെ മോചിതരായ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്നുമുതൽ കേപ്ടൗണിലെ സൂപ്പർ സ്പോർട്സ് പാർക്കിൽ ഇറങ്ങും. ആദ്യ ടെസ്റ്റിൽ 107 റൺസിന് തോറ്റിരുന്ന ഇംഗ്ളണ്ടിന് പരമ്പരയിലേക്ക് തിരികെ വരാനുള്ള അവസരമാണ് കേപ്ടൗണിൽ.
ദക്ഷിണാഫ്രിക്കയിൽ എത്തിയശേഷം ടീമിലെ 11 ഒാളം കളിക്കാർക്കാണ് വിവിധ ദിവസങ്ങളിലായി പനിപോലെയുള്ള അഞ്ജാത രോഗം പിടിപെട്ടത്. സപ്പോർട്ടിംഗ് സ്റ്റാഫിലെ ആറ് പേരും രോഗബാധിതരായി. നായകൻ ജോറൂട്ട്, ഒാപ്പണർ ഡോം സിബെലി, വൈസ് ക്യാപ്ടൻ ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, സ്റ്റുവർട്ട് ബ്രേഡ്, ജൊഫ്ര ആർച്ചർ, ജോ ഡെൻലി എന്നിവരൊക്കെ സെഞ്ച്വറിയനിൽ നടന്ന ആദ്യടെസ്റ്റിൽ കളിച്ചെങ്കിലിും മത്സരത്തിന് മുമ്പോ മത്സരത്തിനിടയിലോ രോഗം ബാധിച്ചവരായിരുന്നു. ബാറ്റ്സ്മാൻ ഒല്ലീ പോപ്പ്, ക്രിസ് വോക്സ്, മാർക്ക് വുഡ് , ജാക്ക് ലീച്ച് എന്നിവർക്ക് അസുഖംമൂലം പ്ളേയിംഗ് ഇലവനിൽ എത്താനേ കഴിഞ്ഞില്ല.
രോഗക്കിടക്കയിൽ നിന്ന് മോചിതനായി പരിശീലനം പുനരാരംഭിച്ച പേസർ ജൊഫ്ര ആർച്ചർക്ക് പരിക്കേറ്റത് ഇംഗ്ളണ്ടിന് മറ്റൊരു തിരിച്ചടിയായിട്ടുണ്ട്. ആർച്ചർക്ക് ഇന്ന് കളിക്കാൻ കഴിയുമെന്ന് ഉറപ്പില്ല.
അതേസമയം പ്ളേയിംഗ് ഇലവനിൽ കറുത്ത വർഗക്കാരായ കളിക്കാരെ നിശ്ചിത ശതമാനം ഉൾപ്പെടുത്തണമെന്നത് ദക്ഷിണാഫ്രിക്കൻ സെലക്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. രണ്ട് കറുത്ത വർഗക്കാരെയും നാല് ഇന്ത്യൻ വംശജരെയും നിർബന്ധമായും പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നതാണ് പോളിസി. എന്നാൽ ആദ്യടെസ്റ്റിൽ ടെംപബൗമയ്ക്ക് പരിക്കേറ്റതിനാൽ നിശ്ചിത എണ്ണം കറുത്തവർഗക്കാരെ കളിപ്പിക്കാനാകാത്തത് വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
തുടർച്ചയായ അഞ്ച് ടെസ്റ്റ് തോൽവികൾക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ വിജയം കണ്ടത്.
പുകയിൽ മൂടിയ സിഡ്നിയിൽ മൂന്നാംടെസ്റ്റ്
ആസ്ട്രേലിയ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റിന്
ഇന്ന് സിഡ്നിയിൽ തുടക്കം
ഉഷ്ണതരംഗത്തിൽ കുറ്റിക്കാടുകൾക്ക് തീപിടിച്ചത്
സിഡ്നിയെ പുകയിരുളിലാക്കി
സിഡ്നി : ഉഷ്ണതരംഗത്തിൽ കുറ്റിക്കാടുകൾക്ക് തീപിടിച്ചതിനെ തുടർന്നുണ്ടായ പുകയിൽ മൂടിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് ആസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് തുടക്കം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന്റെ പുക മറയിൽ നിന്ന് രക്ഷപെടാനുള്ള ന്യൂസിലാൻഡിന്റെ അവസാന അവസരമാണിത്.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 296 റൺസിനായിരുന്നു ആതിഥേയരുടെ വിജയം. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ 247 റൺസിന് ആതിഥേയർ ജയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും ചെറുത്തുനിൽപ്പുപോലും നടത്താൻ കഴിയാതിരുന്ന കിവികൾ അവസാന മത്സരത്തിലെങ്കിലും ജയിച്ച് അഭിമാനം കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടിലാണ്.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് കാട്ടിയാണ് ആസ്ട്രേലിയ ഇതിനകം പരമ്പര സ്വന്തമാക്കിയിരുന്നത്. വിലക്കിന് ശേഷമുള്ള തിരിച്ചുവരവ് ഉത്സവമാക്കുന്ന മുൻ നായകൻ സ്റ്റീവൻ സ്മിത്ത്, മികച്ച ഫോമിൽ കളിക്കുന്ന യുവ ബാറ്റ്സ്മാൻ മാർനസ് ലബുഷാംഗെ, ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മാത്യു വേഡ്, ടിം പെയ്ൻ തുടങ്ങിയവരൊക്കെയാണ് ബാറ്റിംഗിലെ ശക്തികേന്ദ്രങ്ങൾ. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കുമ്മിൻസ്, പാറ്റിൻസൺ എന്നീ പേസർമാരും സ്പിന്നർ നഥാൻ ലിയോണും ചേർന്ന് ബൗളിംഗിൽ മികവ് കാട്ടുന്നു.
രണ്ട് മത്സരങ്ങളിലും രണ്ടാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ ചേസ് ചെയ്യാനിറങ്ങി തകർന്നുപോവുകയായിരുന്നു കിവീസ്.
ഇതിനകം 18 ഒാളം പേരാണ് ആസ്ട്രേലിയയിലെ തീപിടുത്തത്തിൽ മരിച്ചത്. ഇതിൽ ഏറെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരായിരുന്നു. ഇന്ന് മത്സരത്തിന് മുമ്പ് ഇരുടീമിലെയും താരങ്ങൾ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കും. ഗ്രൗണ്ട് പുകയിൽ മൂടിനിൽക്കുന്നതിനാൽ ഇന്ന് മത്സരങ്ങൾ ആരംഭിക്കാൻ വൈകിയേക്കും.