loka-kerala-sabha

തിരുവനന്തപുരം: ലോകകേരള സഭയുടെ തീരുമാനങ്ങളിലോ നടപടികളിലോ സിവിൽ കോടതികൾക്ക് ഇടപെടാനാവില്ലെന്ന കരടുബില്ലിലെ വ്യവസ്ഥ വിവാദമാകുന്നു. ലോകകേരള സഭയ്ക്ക് നിയമപ്രാബല്യം നൽകാനായി നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലാണ് ഈ വ്യവസ്ഥ.

സഭയിൽ അവതരിപ്പിക്കും മുൻപേ ബില്ലിന്റെ കരട് ലോകകേരള സഭാംഗങ്ങൾക്ക് വിതരണം ചെയ്യുന്നതും ചർച്ച ചെയ്യുന്നതും നേരത്തേ വിവാദമായിരുന്നു.

ഇന്നലെ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും സാന്നിദ്ധ്യത്തിൽ ഡോ.ആസാദ് മൂപ്പനാണ് ബില്ലിന്റെ കരട് അവതരിപ്പിച്ചത്. സർക്കാരോ സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സഭയുടെ സെക്രട്ടറി ജനറലോ കൈകാര്യം ചെയ്യേണ്ടതും തീരുമാനിക്കുന്നതുമായ പ്രശ്‌നങ്ങൾ തീർപ്പാക്കാനോ കൈകാര്യം ചെയ്യാനോ സിവിൽ കോടതിക്ക് അധികാരമില്ലെന്നാണ് കരടുബില്ലിലെ പതിനൊന്നാം വ്യവസ്ഥ.

നിലവിൽ സർക്കാർ ഉത്തരവിന്റെ പിൻബലത്തിലാണ് ലോക കേരള സഭ ചേരുന്നത്. സഭയുടെ പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ആധികാരികതയും നിയമസാധുതയും ലഭിക്കാനാണ് സർക്കാർ നിയമം കൊണ്ടുവരുന്നത്. കരട് ബിൽ ചർച്ച ചെയ്‌ത് ഭേദഗതികളോടെ സർക്കാരിന് സമർപ്പിക്കുമെന്ന് ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, ഘടന, സ്​റ്റാൻഡിംഗ് കമ്മി​റ്റികൾ എന്നിവയെപ്പ​റ്റിയുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്.

 സഭയുടെ ആസ്ഥാനം തിരുവനന്തപുരം.

സഭയുടെ അംഗത്വം ഇന്ത്യൻ പൗരന്മാർക്ക് മാത്രം

ഇന്ത്യൻ പൗരന്മാരല്ലാത്ത കേരളീയർക്ക് സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളിത്തം

അംഗങ്ങളുടെ എണ്ണം 351

നിയമ സഭാംഗങ്ങളും കേരള എം.പിമാരും അംഗങ്ങളാണ്