തിരുവനന്തപുരം: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്‌സലെൻസ് ഗ്ലോബൽ പ്രസിദ്ധീകരിച്ച 'ഹു ഈസ് ഹു ഒഫ് യു.എ.ഇ മലയാളീസ് ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഹോട്ടൽ ഹൈസിന്തിൽ നടന്നു. മന്ത്രി ഇ.പി. ജയരാജൻ പുസ്‌തകം പ്രകാശനം ചെയ്‌തു. ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ആദ്യപ്രതി ഏറ്റുവാങ്ങി. യു.എ.ഇയുടെ വളർച്ചയ്ക്കു പിന്നിൽ മലയാളികളുടെ അദ്ധ്വാനമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
പുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പിയുടെ പ്രകാശനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ലോകമെമ്പാടുമുള്ള മലയാളി വ്യവസായ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച രണ്ടായിരം യു.എ.ഇ മലയാളികളുടെ ലഘു ജീവചരിത്രവും മറ്റു വിവരങ്ങളും ഉൾപ്പെടുന്ന റഫറൻസ് പുസ്‌തകമാണ് ഹു ഈസ് ഹു ഒഫ് യു.എ.ഇ മലയാളീസ്. വ്യക്തികളുടെ മേൽവിലാസം, ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക, ഇന്ത്യൻ അസോസിയേഷനുകൾ, മീഡിയ, മെഡിക്കൽ, ബാങ്കിംഗ്, ഇൻഷ്വറൻസ്, വിദ്യാഭ്യാസം, കല, സാംസ്‌കാരികം, സാമൂഹ്യം, സാഹിത്യം തുടങ്ങി 20 വിഭാഗങ്ങളിലെ വിവരങ്ങളും പുസ്‌തകത്തിലുണ്ട്. എം.എ. യൂസഫ് അലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. സുന്ദർ മേനോൻ, വി.എൻ.പി. രാജ്, രാജുമേനോൻ, സുഗതൻ ജനാർദ്ദനൻ, ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, ജയിംസ് മാത്യു, സിദ്ധാർത്ഥ് ബാലചന്ദ്രൻ, പി.കെ. സജിത്കുമാർ തുടങ്ങിയവർ രക്ഷാധികാരികളായ സമിതിയുടെ നേതൃത്വത്തിലാണ് പുസ്‌തകം തയ്യാറാക്കിയത്.