ദേശീയ വനിതാ വോളിബാൾ കിരീടം ഒരിക്കൽകൂടി കേരളത്തിന്റെ പുലിക്കുട്ടികളുടെ കൈയിലേക്ക് . ഇന്നലെ ഒഡീഷയിലെ ഭുവനേശ്വറിൽനടന്ന ഫൈനലിൽ സ്ഥിരം എതിരാളികളായ റെയിൽവേയ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കേരളം തുടർച്ചയായ രണ്ടാം തവണ കിരീടം കൈകളിലേന്തിയത്. കഴിഞ്ഞദിവസം നടന്ന പുരുഷൻമാരുടെ സെമിഫൈനലിൽ കേരളത്തെ തോൽപ്പിച്ച റെയിൽവേയ്സിനോട് വനിതകളിലൂടെ പ്രതികാരം വീട്ടുകായിരുന്നു ഇന്നലെ.
25-18, 25-14, 25-13 എന്ന സ്കോർ ബോർഡ് തന്നെ മത്സരം എത്രത്തോളം ഏകപക്ഷീയമായിരുന്നു പന്നതിന് തെളിവാണ്. ഒറ്റസെറ്റിൽപ്പോലും കേരളത്തിന് വെല്ലുവിളി ഉയർത്താൻ റെയിൽവേയ്സിന് കഴിഞ്ഞതേയില്ല. ആക്രമണത്തിലും പ്രതിരോധത്തിലും കേരള താരങ്ങൾ ഒന്നിനാെന്ന് മികച്ചുനിന്നു.
ജിനി കെ.എസ്, അനുശ്രീ, ക്യാപ്ടൻ അഞ്ജു ബാലകൃഷ്ണൻ, സൂര്യ, രേഖ, ശ്രുതി, ലിബറോ അശ്വതി രവീന്ദ്രൻ എന്നിവരുടെ മിന്നൽ പ്രകടനത്തിന് മുന്നിൽ റെയിൽവേയ്സ് പതറിപ്പോയെന്ന് പറയുന്നതാകും ശരി. പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയതായിരുന്നുകേരള ടീം. അതേസമയം റെയിൽവേയ്സ് മിനിമോൾ-നിർമ്മൽ സഖ്യത്തിന്റെ പ്രകടനത്തിൽ മാത്രം ആശ്രയം തേടി. ഇതാണ് മത്സരത്തിൽ ഇരുടീമുകളെയും വേറിട്ടുനിറുത്തിയതും.
വനിതാ വോളിബാൾ ചരിത്രത്തിൽ റെയിൽവേയ്സിന്റെ ദീർഘകാലത്തെ കുത്തകയ്ക്ക് അവസാനമായെന്നതാണ് ഇൗ ദേശീയ ചാമ്പ്യൻഷിപ്പ് നൽകുന്ന വ്യക്തമായ സൂചന.മുമ്പൊക്കെ ദേശീയ വനിതാ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ റെയിൽവേഴ്സിനോട് തോൽക്കുന്നത് പതിവാക്കിയിരുന്നവരാണ് കേരളം. പത്തുതവണയിലേറെ തുടർ തോൽവിയും ഏറ്റുവാങ്ങിയശേഷം കഴിഞ്ഞവർഷം ചെന്നൈയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ റെയിൽവേയ്സിനെ മലർത്തിയടിച്ച് കിരീടമുയർത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ ഫെഡറേഷൻ കപ്പിന്റെ ഫൈനലിലും ഇതേ റെയിൽവേ ടീമിനെ ഫൈനലിൽ കേരളത്തിന്റെ പെൺപുലികൾ കടിച്ചുകുടഞ്ഞിരുന്നു.
മലയാളി താരങ്ങളെ ഇറക്കിയാണ് ദീർഘകാലമായി റെയിൽവേയ്സ് കേരള ടീമിനെ ഫൈനലിൽ വീഴ്ത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി റിക്രൂട്ട്മെന്റ് നടക്കാത്തത് റെയിൽവേയ്സിനെ തളർത്തിത്തുടങ്ങിയിരിക്കുന്നു. മറുവശത്ത് കെ.എസ്.ഇ.ബിയും കേരള പൊലീസുമൊക്കെ മികച്ച താരങ്ങളെ റിക്രൂട്ട് ചെയ്ത കേരളത്തിന്റെ വോളിബാൾ അഭിമാനം വാനോളമുയർത്തുകയും ചെയ്തിരിക്കുന്നു.
വനിതാ സെമിയിൽമഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കേരളം ഫൈനലിലെത്തിയത്. 25-19, 25-16, 25-12 എന്ന സ്കോറിനായിരുന്നു സെമിയിൽ കേരളത്തിന്റെ വിജയം.
. ചാമ്പ്യൻഷിപ്പിൽ ഒറ്റക്കളിപോലും തോൽക്കാതെയാണ് കേരളം കിരീടം നേടിയതെന്നത് ഇൗ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.
പുരുഷ വിഭാഗ സെമിഫൈനലിൽ കേരളം റെയിൽവേഴ്സിനോട് എതിരില്ലാത്ത സെറ്റുകൾക്കാണ് തോറ്റത്. സ്കോർ 23-25, 21-25, 23-25.
കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിലും കേരള പുരുഷ ടീം സെമിഫൈനലിൽ റെയിൽവേയ്സിനോട് തോറ്റു മടങ്ങുകയായിരുന്നു.
. അഞ്ച് രാജ്യാന്തര താരങ്ങളുമായാണ് പുരുഷ ടീം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തരായി.