
തിരുവനന്തപുരം: പേട്ടയിൽ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്ന് കാൽവഴുതി വീണ് യുവാവിന് പരിക്കേറ്റു. നടുവിന് പരിക്കേറ്റ ഉദിയൻകുളങ്ങര സ്വദേശി പ്രവീൺകുമാറിനെ (28) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് ജീവനക്കാർ 20 മിനിട്ടോളം പരിശ്രമിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 8.45ഓടെയായിരുന്നു സംഭവം. എയർപോർട്ട് ജീവനക്കാരനായ പ്രവീൺ സുഹൃത്തുക്കളുമൊത്ത് ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇന്നലെ രാത്രി സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. കാർ ഷെഡിന് മുകളിലേക്കാണ് ഇയാൾ വീണത്. വീഴ്‌ചയുടെ ആഘാതത്തിൽ ഷെഡിന്റെ ഷീറ്റ് താഴ്ന്ന് കാറിന് മുകളിൽ തട്ടി നിൽക്കുകയായിരുന്നു. പ്രവീണിന് അനങ്ങാൻ പറ്റാത്ത സ്ഥിതിയായതിനാൽ ഫയർഫോഴ്സ് ജീവനക്കാർ ഷീറ്റ് കട്ടർ ഉപയോഗിച്ച് ഇളക്കുകയായിരുന്നു. തുടർന്ന് ഇയാളെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സീനിയർ ഫയർ ഓഫീസർ ജി.വി. രാജേഷ്, ഫയർ ഓഫീസർമാരായ എസ്.ആർ. രഞ്ജിത്ത്, എസ്.എസ്. രഞ്ജിത്ത്, ബിജുകുമാർ, മനോജ്കുമാർ, ബിജു, ജിബിൻ സാം എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.