car

കാസർകോട്: ഐ.ബി ഉദ്യോഗസ്ഥനെ ബേക്കലിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കാസർകോട് ഇൻസ്പെക്ടർ ആലപ്പുഴ സ്വദേശി റിജോ ഫ്രാൻസിസിനെ (35) ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ ടൗണിൽ നിർത്തിയിട്ട കാറിനുള്ളിലായിരുന്നു മൃതദേഹം.

ഹൃദയാഘാതമാണ് മരണ കാരണമെന്ന് പറയുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഔദ്യോഗിക ആവശ്യാർത്ഥം ബേക്കലിലേക്ക് പോവുകയായിരുന്ന ഇൻസ്‌പെക്ടർക്ക് കാറോടിക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. നെഞ്ചുവേദന തോന്നിയ സമയം തന്നെ കാർ നിർത്തിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. നിർത്തിയിട്ട കാറിനുള്ളിൽ ഒരാൾ കിടക്കുന്നത് കണ്ടാണ് ടൗണിലുണ്ടായിരുന്നവർ ശ്രദ്ധിച്ചത്.

പൊലീസ് ഉടൻ തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാസർകോട് ഐ.ബി ഇൻസ്‌പെക്ടർ ആയി വർഷങ്ങളായി ജോലി ചെയ്തുവരുന്ന റിജോ ഫ്രാൻസിസ് കാസർകോട് തന്നെ ക്വാർട്ടേഴ്സിലാണ് താമസം. ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ശസ്ത്രക്രിയ നടത്തിയിരുന്ന ഇദ്ദേഹം അത് സംബന്ധിച്ച ചികിത്സയിലായിരുന്നു. ലക്ഷ്മിയാണ് ഭാര്യ. മൂന്ന് വയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. മൃതദേഹം ബേക്കൽ എസ്.ഐ .പി അജിത്കുമാർ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരൻ, എസ്.എസ്.ബി ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി.