metro

കൊച്ചി: മെട്രോയുടെ ഇരുമ്പനത്തുള്ള സ്റ്റോക്കിംഗ് യാർഡിൽ നിന്ന് 40 ടൺ ഇരുമ്പ് കമ്പികൾ മോഷ്ടിച്ച കേസ് ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിലെ മുഖ്യകണ്ണിയും ആലുവ സ്വദേശിയുമായ യാസിറിന്റെ നേതൃത്വത്തിൽ കളമശേരിയിൽ നിന്നും കിലോ കണക്കിന് ഇരുമ്പ് കടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ആക്രി സാധനങ്ങളുടെ മറവിലാണ് കടത്ത് നടത്തിയിട്ടുള്ളത്. കേസന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇരുമ്പനത്തിന് സമാനമായ കടത്താണ് നടത്തിയതെന്നാണ് സൂചന. അതേസമയം, യാസറും സുഹൃത്ത് മുഹമ്മദ് ഫറുഖും ഒളിവിലാണ്. ഇവർ കേരളം വിട്ടതായാണ് വിവരം.

കേസിൽ ആലുവ തായിക്കാട്ടുകര സ്വദേശികളായ വടക്കേ കാട്ടുവീട്ടിൽ ഹബീബ് (37), കല്ലിങ്കൽ വീട്ടിൽ നിയാസുദ്ദീൻ (36),കരിപ്പായി വീട്ടിൽ ഷെഫീക്ക് (34) എന്നിവരെ ഇന്നലെ ഹിൽപ്പാലസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന.സംഭവുമായി ബന്ധപ്പെട്ട് നേരത്തെ കർണാടക സ്വദേശി ശരണബാസപ്പ (23), കൊല്ലം സ്വദേശി ഷൈൻ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവർ അറസ്റ്റിലായിരുന്നു.

മോഷ്ടിച്ച കമ്പികൾ എടയാറിലെ സ്‌ക്രാപ്പ് വ്യാപാരിയായ ഷംസുദ്ദീന്റെ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള ജോലികൾ ഏറ്റെടുത്ത കമാനി എൻജിനീയറിംഗ് കമ്പനിയുടെ 20 ലക്ഷം രൂപ വിലവരുന്ന കമ്പികളാണ് ഡിസംബർ 18 ന് മോഷ്ടിച്ചത്. കമ്പനിയുടെ സ്റ്റോർ അസിസ്റ്റന്റായിരുന്നു ശരണബാസപ്പ. മറ്റുള്ളവർ കമ്പനിയിലെ ജീവനക്കാരും.

കമ്പനിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്ന ആലുവ സ്വദേശിയായ യാസർ, സുഹൃത്ത് മുഹമ്മദ് ഫറുഖ് എന്നിവർ ചേർന്ന് ജോലിക്കാരുടെ സഹായത്താൽ സ്റ്റോക്ക് യാർഡിൽ നിന്നും വർക്ക് സൈറ്റുകളിലേക്ക് കൊണ്ട് പോകാനെന്ന വ്യാജേന ലോറിയിൽ കമ്പി കയറ്റി കൊണ്ടു പോകുകയായിരുന്നു. ഇവർക്കൊപ്പം ഇപ്പോൾ പിടിയിലായ ഹബീബ്, നിയാസുദ്ദീൻ, ഷെഫീക്ക് എന്നിവരുമുണ്ടായിരുന്നു.ആലുവ മെട്രോ സ്റ്റേഷൻ വരെ ഇവർ ലോറിയെ അനുഗമിച്ചതായി മൊബൈൽ കോൾ ഡീറ്റെയിൽസിൽ വ്യക്മായി.

പിന്നീട് ഷംസുദ്ദീന്റെ സ്ഥലത്ത് വാഹനം കയറ്റിയത് നിയാസുദ്ദീനാണ്. ഷെഫീക്കും ഹബീബും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരാണ് പണമിടപാട് നടത്തിയത്. ഒളിവിൽ കഴിയുന്ന യാസർ, മുഹമ്മദ് ഫറൂഖ് എന്നിവർ പിടിയിലായാൽ മാത്രമേ ഷംസുദ്ദീന്റെ പങ്ക് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.കമ്പനി നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് ആലുവ ഇടയാറിലെ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് മോഷണമുതൽ കണ്ടെടുത്തത്. ലോറി ഡ്രൈവറാണ് ഈ സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. പൊലീസ് ഇൻസ്‌പെക്ടർ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കെ.ആർ ബിജുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.