ന്യൂഡൽഹി: ഫെബ്രുവരിയിലേക്ക് ഇനി അധിക സമയമില്ല. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിത്തുടങ്ങി. സർക്കാർ നടപ്പാക്കിയ പദ്ധതികൾ മുൻനിറുത്തി ഭരണകക്ഷിയായ ആംആദ്മി പാർട്ടി പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെതിരെ ബി.ജെ.പി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ, കോൺഗ്രസ് ആരെയാകും പ്രഖ്യാപിക്കുകയെന്നതിൽ സസ്‌പെൻസ് തുടരുകയാണ്. കഴിഞ്ഞ തവണ 70ൽ 67 സീറ്റും തൂത്തുവാരിക് കൊണ്ടാണ് ആപ്പ് ഡൽഹിയിൽ ഭരണത്തിലേറിയത്. കേജ്‌രിവാളിനെ പൂട്ടാൻ കഴിയുന്ന ശക്തനെ രംഗത്തിറക്കുന്നതിന്റെ ചർച്ചയിലാണ് ബി.ജെ.പി നേതൃത്വം. ഡോ. ഹർഷ വർദ്ധൻ, മനോജ് തിവാരി എന്നിവരുടെ പേരുകളാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കേൾക്കുന്നത്.
ഡൽഹിയിലെ പൂർവാഞ്ചൽ, പഞ്ചാബി വോട്ടർമാരെ കൂടെനിറുത്താനുള്ള പദ്ധതിയാണ് ബി.ജെ.പിയിൽ ഒരുങ്ങുന്നത്. പൂർവാഞ്ചൽ വോട്ടർമാർക്കിടയിൽ ഇരുവർക്കുമുള്ള സ്വാധീനമാണ് ഇവരെ പരിഗണിക്കുന്നതിൽ പ്രധാന കാരണം. 2017ലെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പൂർവാഞ്ചൽ വിഭാഗത്തിൽപ്പെട്ട 43 സ്ഥാനാർത്ഥികളെ ബി.ജെ.പി കളത്തിലിറക്കുകയും ഇതിൽ 34 പേർ വിജയിക്കുകയും ചെയ്‌തിരുന്നു. നിലവിൽ 13 ആപ്പ് എം.എൽ.എമാർ പൂർവാഞ്ചൽ വിഭാഗത്തിൽപ്പെട്ടവരാണ്.
എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചത് പോലെ പ്രമുഖരെ കളത്തിലിറക്കി ഗ്ലാമർ പോരാട്ടത്തിന് ഡൽഹിയെ വേദിയാക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, വിജയ് ഗോയൽ, പർവേഷ് വർമ എന്നിവരും ബി.ജെ.പിയുടെ മുഖ്യമന്ത്രി ലിസ്‌റ്റിൽ ഇടം നേടിയിട്ടുണ്ട്.
ഹർഷ വർദ്ധൻ
സയൻസ് ആന്റ് ടെക്നോളജി, ആരോഗ്യം, കുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയാണ് ഹർഷ വർദ്ധൻ. 1993 മുതൽ 2013 വരെ കൃഷ്ണ നഗർ എം.എൽ.എ പദം അലങ്കരിച്ച ഹർഷ വർദ്ധൻ ബി.ജെ.പി ഡൽഹി യൂണിറ്റിന്റെ പ്രസിഡന്റും ഡൽഹി ആരോഗ്യമന്ത്രിയുമായിരുന്നു. ഡൽഹിയിലെ ന്യൂനപക്ഷങ്ങൾ ഉൾപ്പെടയുള്ള എല്ലാ വിഭാഗങ്ങൾക്കിടയിലും സ്വാധീനമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2014ലും മുസ്ലീം ഭൂരിപക്ഷമുള്ള ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ നിന്നും ഹർഷ വർദ്ധൻ തിരഞ്ഞെടുക്കപ്പെട്ടത് ബി.ജെ.പിയ്‌ക്ക് ആത്മവിശ്വാസമേകുന്നു. 2013ൽ ഹർഷ വർദ്ധനെയാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. 22 സീറ്റുകൾ ബി.ജെ.പി നേടിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായില്ല.
മനോജ് തിവാരി
ഭോജ്പൂരി സൂപ്പർസ്‌റ്റാർ ആയിരുന്ന മനോജ് തിവാരി നായക വേഷം അഴിച്ചുവച്ചാണ് രാഷ്ട്രിയത്തിലേക്കിറങ്ങിയത്. നിലവിൽ ഡൽഹി ബി.ജെ.പിയുടെ അദ്ധ്യക്ഷനായ തിവാരി നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. കിഴക്കൻ യു.പിയിലെയും ബീഹാറിലെയും പൂർവാഞ്ചൽ മേഖലയിൽ നിന്ന് കുടിയേറിയ 50 ലക്ഷത്തിലേറെ വോട്ടർമാർ ഡൽഹിയിലുണ്ട്. തിവാരിയുടെ പൂർവാഞ്ചൽ പശ്ചാത്തലമുൾക്കൊണ്ടാണ് ബി.ജെ.പി മുഖ്യമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത്. ഡൽഹിയിൽ 20തോളം മണ്ഡലത്തിൽ പൂർവാഞ്ചൽ വോട്ടർമാർക്ക് നിർണായകമായ സ്വാധീനമുണ്ട്. 2016ലാണ് തിവാരിയെ ഡൽഹി ബി.ജെ.പിയുടെ അദ്ധ്യക്ഷനാക്കിയത്.
വിജയ് ഗോയൽ
വാജ്‌പേയി സർക്കാരിലും മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭയിലും കേന്ദ്രമന്ത്രിയായിരുന്ന വിജയ് ഗോയൽ ഡൽഹി ബി.ജെ.പി അദ്ധ്യക്ഷനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. എന്നാൽ, ബനിയാ സമുദായത്തിൽപ്പെട്ട ഗോയലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നത് വഴി പൂർവാഞ്ചൽ വിഭാഗത്തെ സ്വാധീനിക്കാനാവുമോ എന്ന സംശയം ബി.ജെ.പിക്കുണ്ടത്രേ.
ഗൗതം ഗംഭീർ
മുൻ ക്രിക്കറ്റ് താരവും ഈസ്‌റ്റ് ഡൽഹിയിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ഗൗതം ഗംഭീറിന് യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുണ്ടെങ്കിലും രാഷ്ട്രീയത്തിൽ മുൻപരിചയം ഇല്ല.
പർവേഷ് വർമ
മുൻ ഡൽഹി മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിംഗ് വർമയുടെ മകനായ പർവേഷ് വെസ്റ്റ് ഡൽഹി എം.പിയും ഏറെ സ്വാധീനമുള്ള ജാട്ട് നേതാവുമാണ്. ജാട്ട്, പഞ്ചാബി, പൂർവാഞ്ചൽ വോട്ടർമാർ നിറഞ്ഞ വെസ്റ്റ് ഡൽഹിയിലെ ശക്തമായ സാന്നിദ്ധ്യമാണ് പർവേഷ്
കണക്കുകൂട്ടി കോൺഗ്രസ്
പാർട്ടിയിലെ വമ്പൻമാരെ കളത്തിലിറക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. ഈ മാസം 10നകം കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. ശക്തമായ മത്സരം നടക്കാൻ സാദ്ധ്യതയുള്ള 25 മണ്ഡലങ്ങളിൽ പാർട്ടിയിലെ പ്രമുഖരെ രംഗത്തിറക്കുമെന്നാണ് ശ്രുതി. മുൻ മന്ത്രിമാരായിരുന്ന ഹറൂൺ യൂസഫ്, അരവിന്ദ് സിംഗ് ലവ്‌ലി, അജയ് മാക്കൻ, ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്ര തുടങ്ങിയവർ സ്ഥാനാർത്ഥിയായേക്കും.
2015ൽ കോൺഗ്രസിന് ഒരൊറ്റ സീറ്റ് പോലും നേടാനായില്ല. 2013ൽ എട്ട് സീറ്റുകൾ കോൺഗ്രസിന് ലഭിച്ചിരുന്നു. ഹറൂൺ യൂസഫ്, അരവിന്ദ് സിംഗ് ലവ്‌ലി തുടങ്ങിയവർ അന്ന് വിജയിച്ചിരുന്നു. ഇവരെ അതേ മണ്ഡലത്തിൽ തന്നെ വീണ്ടും കളത്തിലിറക്കാനും കോൺഗ്രസിന് പ്ലാനുണ്ട്. അടുത്തിടെ കോൺഗ്രസിൽ ചേർന്ന അൽക ലംബയ്ക്ക് ടിക്കറ്റ് നൽകിയേക്കും. 70 അംഗ നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്ത കോൺഗ്രസിന് ഇത്തവണ അതി കഠിനമായ മത്സരമാണ് നേരിടേണ്ടി വരിക. ആപ്പ് തന്നെയാണ് കോൺഗ്രസിന്റെയും മുഖ്യ എതിരാളി. ഒരു കാലത്ത് തങ്ങളുടെ വോട്ട് ബാങ്കായിരുന്ന പൂർവാഞ്ചൽ, പഞ്ചാബി വിഭാഗങ്ങളെല്ലാം ആപ്പിനെ പിന്തുണയ്ക്കുന്നത് കോൺഗ്രസിനും കനത്ത തിരിച്ചടിയാണ്. ഷീല ദീക്ഷിതിന്റെ അഭാവവും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മറ്റൊരു വെല്ലുവിളിയാണ്.