കല്ലമ്പലം: ബസപകടത്തിൽ പൊള്ളലേറ്റ് മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ പ്രകാശിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചതായി വി. ജോയി എം.എൽ.എ അറിയിച്ചു. പുതുശ്ശേരിമുക്ക് പുളിയറക്കോണം നെല്ലിക്കുന്നുവിള വീട്ടിൽ പ്രകാശ്‌ ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ് ആയൂരിന് സമീപമുള്ള വയക്കൽ എന്ന സ്ഥലത്തു വച്ച് കഴിഞ്ഞ ജൂൺ 15ന് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ബസിലെ മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പ്രകാശിന്റെ ശരീരത്തിൽ പൊള്ളലേൽക്കുകയായിരുന്നു. 18 ദിവസം തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കവേ ജൂലായ് 3ന് മരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തെ ഏക ആശ്രയമായിരുന്നു പ്രകാശ്. കഴിഞ്ഞ ജൂലായ് 23ന് '23 പേരുടെ ജീവന് പ്രകാശം നൽകിയ പ്രകാശിന്റെ കുടുംബം ഇരുട്ടിൽ'‍ എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വന്ന വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‍ പ്രകാശിന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്‍ അടിയന്തര ധനസഹായം അനുവദിക്കണമെന്ന്‍ വി. ജോയി എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്‍ മന്ത്രിസഭായോഗം ഇത് പരിഗണിക്കുകയും 5 ലക്ഷം രൂപ ധനസഹായം അനുവദിക്കുകയുമായിരുന്നു. ഇൻഷുറൻസ് തുക ലഭിക്കാൻ സാദ്ധ്യതയുള്ള കേസുകളിൽ ദുരിതാശ്വാസ നിധിയിൽ നിന്ന്‍ ധനസഹായം ലഭിക്കാറില്ല. എന്നാൽ പ്രകാശിന്റെ രക്ഷാപ്രവർത്തനത്തിനിടയിലുള്ള ജീവത്യാഗം കണക്കിലെടുത്താണ് ധനസഹായം അനുവദിച്ചത്. ഇൻഷുറൻസ് തുക ലഭിക്കുന്നതിന് മുൻപ് ഈ തുക കുടുംബത്തിന് കൈമാറുമെന്ന് എം.എൽ.എ അറിയിച്ചു.