വെള്ളനാട്: വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കൂവക്കുടി പാലത്തിന്റെ സംരക്ഷണ വേലിയുടെ ഒരു ഭാഗം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഇതിന് പുറമേ മറ്റൊരിടത്ത് സംരക്ഷണ വേലി തകർക്കാനുള്ള ശ്രമവും നടത്തി. ഇക്കഴിഞ്ഞ ദിവസം നാട്ടുകാരാണ് സുരക്ഷാവേലി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കൂവക്കുടി പാലത്തിൽ നിന്നും കരമനയാറ്റിൽ ചാടി ആൾക്കാർ ജീവനൊടുക്കുന്നതും വാഹനങ്ങളിൽ മാലിന്യങ്ങൾകൊണ്ടുവന്ന് തള്ളുന്നതും പതിവായതിനെ തുടർന്നാണ് രണ്ടു വർഷം മുമ്പ് സംരക്ഷണവേലികൾ സ്ഥാപിച്ചത്. പാലത്തിൽ നിന്നും കരമനയാറിലേക്ക് വീണ്ടും മാലിന്യം തള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംരക്ഷണ വേലി തകർത്തതെന്നാണ് നിഗമനം. ഈ പ്രദേശങ്ങളിൽ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.