കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഹാജിറയ്ക്ക് ലഭിച്ചത് ഇരട്ടി മധുരം. ഡിസംബറിൽ തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നമ്പർ ചാർട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഹാജിറ ജനുവരി അവസാനം തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഇതേ ഇനത്തിൽ വീണ്ടും മാറ്റുരയ്ക്കും. കേരളത്തിൽ നിന്ന് ഈ വിഭാഗത്തിൽ മത്സരിക്കുന്ന ആദ്യ വിദ്യാർഥിനിയും ഹാജിറയാണ്. ആറാം തവണയാണ് കെ.ടി.സി.ടി സ്കൂൾ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കെ.ടി.സി.ടി സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, പ്രിൻസിപ്പൽ എം.എൻ മീര, ഗണിത ശാസ്ത്ര അധ്യാപകരായ നിഷാ റിഹാസ്, ഹസീനാ സഫീർ എന്നിവരാണ് ഹാജിറയ്ക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നത്. ആലംകോട് വഞ്ചിയൂർ താജ് മൻസിലിൽ സുബൈറിന്റെയും ഷാക്കിറയുടെയും മകളാണ്.