തിരുവനന്തപുരം: ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ അരിപ്പ ഭൂസമരത്തിൽ പങ്കെടുക്കുന്ന കുടുംബങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച 100 മണിക്കൂർ പട്ടിണി കഞ്ഞിവയ്പ് സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്. രണ്ടാം ദിവസത്തെ സമരം ബി.എസ്.പി മുൻ സംസ്ഥാന സെക്രട്ടറി സജി.കെ. ചേരമൻ ഉദ്‌ഘാടനം ചെയ്‌തു. ആദിവാസി ഗോത്ര സമുദായ സംഘടനാ നേതാവ് എം. ഗീതാനന്ദൻ, സി.എസ്. മുരളി എന്നിവർ പിന്തുണയുമായെത്തി. ദളിത് ആദിവാസി സ്ത്രീപൗരാവകാശ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആദിവാസികളും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു. ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ, രമേശൻ എന്നിവരുടെ നേതൃത്വത്തിൽ അരിപ്പ ഭൂസമരത്തിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധം. അരിപ്പ ഭൂസമരം കൃഷി ഭൂമി നൽകി പരിഹരിക്കുക, സമരഭൂമിയിൽ നടത്തിവന്നിരുന്ന നെൽകൃഷി നിരോധിച്ച നടപടി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.