പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള ജനങ്ങളുടെ സങ്കല്പം പാടേ മാറ്റിമറിക്കുന്നതാണ് പുതുവത്സര ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത തമ്പാനൂരിലെ പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരം.
നാലു നിലകളും ലിഫ്റ്റ് സൗകര്യവും ഉള്ള സംസ്ഥാനത്തെ ആദ്യ പൊലീസ് സ്റ്റേഷനാണിത്. സാധാരണ കണ്ടുവരുന്ന പൊലീസ് സ്റ്റേഷന്റെ അനാകർഷവും ഭീതിജനകവുമായ മുഖച്ഛായയല്ല പുതിയ സ്റ്റേഷൻ മന്ദിരത്തിന്. പ്രകൃതി സൗഹൃദ മന്ദിരങ്ങളുടെ രൂപകല്പനയിലും നിർമ്മാണത്തിലും രാജ്യത്തിനു തന്നെ മാതൃകയായ ഹാബിറ്റാറ്റാണ് പുതിയ സ്റ്റേഷൻ മന്ദിരത്തിന് മനുഷ്യമുഖം നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേറെയും നിരവധി സ്റ്റേഷനുകളുടെ രൂപകല്പന ഹാബിറ്റാറ്റ് ഏറ്റെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. കാലാനുസൃതമായ മാറ്റം പൊലീസ് മന്ദിരങ്ങൾക്കും ഉണ്ടാകേണ്ടത് ഏറ്റവും ഉചിതം തന്നെ. പൊലീസ് സ്റ്റേഷനുകൾക്ക് മാത്രമല്ല, ഏതു സർക്കാർ നിർമ്മിതികൾക്കും പരമ്പരാഗത ശൈലിയിൽ നിന്നുള്ള മാറ്റം അനുപേക്ഷണീയമാണ്. ഒരേ രീതിയിൽ പണിതു വച്ചിട്ടുള്ള വില്ലേജ് ഓഫീസുകളും പഞ്ചായത്ത് കെട്ടിടങ്ങളും സബ് രജിസ്ട്രാർ ഓഫീസുമൊക്കെ എത്രമാത്രം വികൃത മുഖഭാവത്തിലാണിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ ബോദ്ധ്യമാകും. ഭാവനാശൂന്യർക്കു മാത്രമേ ഇത്തരം വികല നിർമ്മിതികളുമായി വരാനാകൂ.
പൊലീസിനെക്കുറിച്ചുള്ള സങ്കല്പം തന്നെ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്റ്റേഷനുകളിലും അതിനനുസരണമായ മാറ്റം വരേണ്ടത് ആവശ്യം തന്നെ. സംസ്ഥാനത്തെ ആദ്യ സ്മാർട്ട് പൊലീസ് സ്റ്റേഷനാകാനുള്ള നറുക്കു വീണത് തമ്പാനൂർ സ്റ്റേഷനാണെങ്കിലും സ്ഥലസൗകര്യത്തോടുകൂടി ഒരു കെട്ടിടമുണ്ടാകുന്നതു തന്നെ ഇപ്പോഴാണ്. ഒന്നര ദശാബ്ദത്തോളം മുൻപാണ് കേന്ദ്രസർക്കാർ തമ്പാനൂരിൽ സ്മാർട്ട് പൊലീസ് സ്റ്റേഷനു അനുമതി നൽകിയതെങ്കിലും പല കാരണങ്ങളാൽ പണി നീണ്ടുനീണ്ടു പോവുകയായിരുന്നു. ഏറെ വൈകിയെങ്കിലും തമ്പാനൂരിൽ പ്രകൃതിയോട് ഏറെ ഇണങ്ങി നിൽക്കുന്ന മനോഹരമായ സ്റ്റേഷൻ മന്ദിരം നിർമ്മിക്കാനായത് നല്ല കാര്യമാണ്. എല്ലാത്തരത്തിലും സ്മാർട്ട് എന്ന് വിശേഷിപ്പിക്കാവുന്ന വിധം സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുള്ള തമ്പാനൂർ സ്റ്റേഷൻ. സ്റ്റേഷനുകളിലെ 'ഇടിമുറി'കൾക്ക് പകരം അത്യാധുനിക സംവിധാനങ്ങളുൾക്കൊണ്ടുള്ള ചോദ്യം ചെയ്യൽ മുറി ഇവിടത്തെ പ്രത്യേകതയാണ്. സി.സി.ടി.വിയും വീഡിയോ ദൃശ്യങ്ങൾ കാണിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്റ്റേഷനിലെ മുഴുവൻ ജീവനക്കാർക്കും സന്ദർശകർക്കും വേണ്ടത്ര ഇരിപ്പിടങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പുകൾ, ആയുധമുറി, കുറ്റാന്വേഷണ വിഭാഗത്തിന് പ്രത്യേക മുറി എന്നിങ്ങനെ സ്മാർട്ട് സ്റ്റേഷനാവശ്യമായ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ലോക്കപ്പുകൾ തൂങ്ങിമരണത്തിന് ഇടം നൽകാത്ത വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
തമ്പാനൂരിനു പിന്നാലെ വിളപ്പിൽശാല, അരുവിക്കര എന്നിവിടങ്ങളിലും അത്യാധുനിക പൊലീസ് സ്റ്റേഷനുകൾ നിർമ്മിച്ചിട്ടുണ്ട്. അവ ഉൾപ്പെടെ വിവിധ ജില്ലകളിലായി ഒരു ഡസനിൽപ്പരം പുതിയ സ്റ്റേഷൻ മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയാണ്. നിർമ്മാണ ശൈലിയിലെ പുതുമ തന്നെയാണ് ഇവയുടെ ഏറ്റവും വലിയ ആകർഷണീയത. പൊലീസ് സ്റ്റേഷൻ എന്നതിനുപരി മുഖശ്രീയുള്ള ഒരു വീടിനെയാണ് അത് ഓർമ്മിപ്പിക്കുക. വെട്ടവും വെളിച്ചവുമില്ലാത്ത, ഭീതിയുടെ അന്തരീക്ഷമുള്ള സാധാരണ പൊലീസ് സ്റ്റേഷനുകളുടെ അന്തരീക്ഷമല്ല ഇവിടെ കാണാനാവുക. അസൗകര്യങ്ങളുടെയും ജീർണതയുടെയും നടുവിൽ ചോർന്നൊലിക്കുന്ന കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി സ്റ്റേഷനുകൾ ഇവിടെയുണ്ട്. ഇവ പുതുക്കിപ്പണിയുമ്പോൾ തമ്പാനൂരിലെയും വിളപ്പിൽശാലയിലെയും അരുവിക്കരയിലെയും മാതൃക സ്വീകരിക്കാവുന്നതാണ്.
സ്റ്റേഷൻ മന്ദിരങ്ങൾക്ക് സൗഹൃദാന്തരീക്ഷം നൽകുന്നതിനൊപ്പം ജനങ്ങളോടുള്ള പൊലീസിന്റെ പൊതുസമീപനത്തിൽ കൂടുതൽ നല്ല മാറ്റം കൊണ്ടുവരാൻ കഴിയേണ്ടതാണ്. ജനങ്ങളുടെ സുഹൃത്തും സേവകനുമെന്ന നില കൈവരിച്ചാലേ പൊലീസിനെക്കുറിച്ചുള്ള പഴയ സങ്കല്പം പൂർണമായും മാറ്റിയെടുക്കാൻ കഴിയൂ. ഏതു സമയത്തും ആർക്കും നിർഭയം കടന്നു ചെല്ലാനാകുന്ന സൗഹൃദാന്തരീക്ഷം ഏതു സ്റ്റേഷനിലും സൃഷ്ടിക്കപ്പെടണം. കുറ്റവാളികളെയും ശുദ്ധമനുഷ്യരെയും ഒരേ കണ്ണുകൊണ്ട് കാണരുത്. മാന്യമായ പെരുമാറ്റവും അന്തസോടെയുള്ള ഇടപെടലുമാണ് പൊലീസ് സേനയുടെ ഖ്യാതി ഉയർത്തുന്നത്.
സർക്കാർ നിർമ്മിതികൾക്ക് രൂപവും ഭാവവുമൊന്നും വേണ്ടതില്ലെന്ന പഴഞ്ചൻ രീതി കാലത്തിനു നിരക്കുന്നതല്ല. എത്ര ചെറിയ സർക്കാർ മന്ദിരമായാലും വാസ്തുഭംഗിയുള്ളതാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടും. അതിനുള്ളിൽ ഇരുന്നു ജോലി ചെയ്യുന്നവരിലും പ്രത്യേകമായ സന്തുഷ്ടി ജനിപ്പിക്കും. ഓഫീസ് അന്തരീക്ഷം നല്ലതാണെങ്കിൽ അവിടെ കയറിച്ചെല്ലുന്നവരിലും മതിപ്പുണ്ടാകും. പൊതുജനങ്ങൾ ധാരാളമായി എത്തുന്ന ഓഫീസുകളുടെ നിർമ്മിതിയിൽ സന്ദർശക സൗകര്യങ്ങൾ തുലോം പരിമിതമാണെന്നത് വലിയൊരു ന്യൂനതയാണ്. സന്ദർശകർ എന്നൊരു വിഭാഗത്തിന് ഒരു പരിഗണനയും നൽകാത്ത ഇത്തരം നിർമ്മിതികൾ ആത്മാവോ പ്രസരിപ്പോ ഇല്ലാത്ത കെട്ടിടങ്ങളായിത്തന്നെ നിലകൊള്ളും.