വെഞ്ഞാറമൂട് : പരാധീനതകൾ മാത്രം നിറഞ്ഞൊരു കെ.എസ്.ആർ.ടി.സി ഡിപ്പോ. മെറ്റലുകൾ ഇളകി കുഴികൾ രൂപപ്പെട്ടു പൊടി പടലങ്ങൾ നിറഞ്ഞ് ദുരിതാവസ്ഥയിൽ ഒരു ബസ് സ്റ്റാൻഡ്. വിദ്യാർത്ഥികളടക്കം ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന്റെ ദുരിതാവസ്ഥയാണിത്. മലയോര താലൂക്കായ നെടുമങ്ങാട് താലൂക്കിലെ പ്രധാന വ്യാപാര കേന്ദ്രവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും, സംസ്ഥാന പാത വഴിയുള്ള ദീർഘ ദൂര യാത്രയ്ക്കായി എപ്പോഴും ആളുകൾ ആശ്രയിക്കുന്നതുമായ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോടുള്ള അധികൃതരുടെ അവഗണന തുടർന്നു കൊണ്ടേയിരിക്കുന്നു. തിരുവനന്തപുരത്തു നിന്നും സംസ്ഥാന പാത വഴിയുള്ള കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളടക്കമുള്ള ബസുകൾ വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിൽ പ്രവേശിച്ചാണ് കടന്നു പോകുന്നത്. ബസുകൾ നിരന്തരം വന്നു പോകുന്നതിനാൽ മെറ്റലുകൾ ഇളകി ചെറിയ കുഴികൾ നേരത്തെ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ മഴക്കാലത്തു ഇങ്ങനെ രൂപപ്പെട്ട കുഴികളിൽ വെള്ളം നിറഞ്ഞു വലിയ ഗർത്തങ്ങൾ രൂപപ്പെടുകയായിരുന്നു. ഇത് യഥാസമയം അറ്റകുറ്റ പണികൾ നടത്താതെ കുഴികളിൽ മണ്ണിട്ട് നികത്തുകയാണ് അധികൃതർ ചെയ്തത്. മഴ മാറിയതോടെ പൊടി ശല്യം വർദ്ധിച്ചു.
പൊടി ശല്യം കാരണം മൂക്ക് പൊത്തിപിടിച്ചാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. അതോടൊപ്പം ഇളകിയ മെറ്റലുകൾ ബസുകൾ കയറുമ്പോൾ തെറിച്ചു യാത്രക്കാർക്ക് മേൽ പതിക്കുന്നതായും പരാതിയുണ്ട്. അടിയന്തരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.