ബാലരാമപുരം: റോഡിലെ മരണക്കുഴികൾ അടയ്ക്കണമെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പരിഗണിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരേ നാട്ടുകാർ രംഗത്ത്. പൊതുമരാമത്തിന്റെ ബാലരാമപുരം –എരുത്താവൂർ റോഡിലെ മരണക്കുഴികൾക്കെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. റോഡ് നീളെ കുഴികൾ മാത്രമായ റോഡിൽ അപകടവും പതിവാണ്. നാട്ടുകാരും സന്നദ്ധസംഘടന ഭാരവാഹികളും നിരവധി പരാതികൾ നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതിൽ ചാനൽപ്പാലം ജംഗ്ഷനിൽ വലിയ കുഴികളാണ്. വർഷങ്ങൾ പഴക്കമുള്ള ഇറിഗേഷന്റെ പാലത്തിനും ബലക്ഷയമുണ്ട്. ബാലരാമപുരം –കാട്ടാക്കട റോഡിൽ ഉപരിതലം പുതുക്കൽ ജോലികളും വർഷങ്ങളായി തടസപ്പെട്ടിരിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ റോഡ് ഉപരോധം തുടങ്ങിയ പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
റോഡിനെ ഒഴിവാക്കി
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പന്ത്രണ്ടരക്കോടി അനുവദിച്ച് ബി.എം.ആൻഡ് ബിസി പദ്ധയിലുൾപ്പെടുത്തി കാട്ടാക്കട ,എരുത്താവൂർ, നരുവാമൂട് റോഡുകൾ ദീർഘകാലസുരക്ഷിതത്വം ഉറപ്പ് വരുത്തി നവീകരിച്ചെങ്കിലും കോവളം നിയോജക മണ്ഡലത്തിൽപ്പെട്ട ബാലരാമപുരം –എരുത്താവൂർ രണ്ട് കിലോമീറ്റർ ചുറ്റളവ് റോഡിനെ ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നെങ്കിലും റോഡ് നവീകരണത്തിന് തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. ബാലരാമപുരം –കാട്ടാക്കട റോഡിന്റെ നവീകരണത്തിന് സെൻട്രൽ റോഡ് ഫണ്ട് പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മുതൽ ബാലരാമപുരം വരെ ഓടനവീകരണം പുരോഗമിക്കുകയാണ്. കാട്ടാക്കടയിൽ കണ്ടലയ്ക്ക് സമീപമാണ് നിലവിൽ ഓടകൾ നവീകരിക്കുന്നത്. ഫണ്ട് അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നവീകരണം ഇഴയുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്.
കുഴികളടയ്ക്കും കരാറുകാരൻ
നാട്ടുകാരുടെ പരാതിയെ തുടർന്ന് ബാലരാമപുരം –എരുത്താവൂർ റോഡിലെ കുഴികൾ നികത്തി താത്ക്കാലിക പരിഹാരം കാണും. ഓടനവീകരണം പൂർത്തിയായാൽ മാത്രമേ ടാറിംഗ് തുടങ്ങാൻ സാധിക്കുകയുള്ളൂ. മഴ ഭീഷണിയായില്ലെങ്കിൽ റോഡ് നവീകരണം ഉടനടി ആരംഭിക്കും.
---കരാറുകാരൻ, സുകുമാരൻ.
ഉത്സവത്തിന് മുമ്പ് റോഡ് നവീകരിക്കണം
തലയൽ മേജർ ശ്രീഭരദ്വാജ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് മുന്നോടിയായി റോഡിന്റെ നവീകരണം പൂർത്തിയാക്കണം. ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന ഭാഗങ്ങളിലെ അപകടക്കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കണം.
-- പി.കരുണാകരൻ, ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് സെക്രട്ടറി വി.എൽ.പ്രദീപ്.
ഇവിടെല്ലാം മരണക്കുഴികൾ
പഞ്ചായത്ത് ഓഫീസിന് മുൻ വശം
തണ്ണിക്കുഴി ജംഗ്ഷൻ
സബ് രജിസ്ട്രാർ ഓഫീസിന് മുൻവശം
റെയിൽവേ ക്രോസ് ജംഗ്ഷൻ
തേമ്പാമുട്ടം കർഷകവിപണി
ചാനൽപ്പാലം ജംഗ്ഷൻ
2....കിലോമീറ്റർ...
കോവളം നിയോജക മണ്ഡലത്തിൽപ്പെട്ട ബാലരാമപുരം മുതൽ എരുത്താവൂർ വരെ രണ്ട് കിലോമീറ്റർ ദൂരമാണ് കുഴികളായി മാറിയിരിക്കുന്നത്.
3 വർഷം....റോഡ് തകർന്നിട്ട് 3 വർഷമായിട്ടും നടപടിയില്ല.