ബാലരാമപുരം: കട്ടച്ചൽക്കുഴി ഗുരുദേവ ഭജനമഠത്തിന് സമീപം തിരണിവിള വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ഓമനയുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട സംഭവത്തിൽ തെളിവ് കിട്ടാതെ പൊലീസ്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സൈബർസെല്ലിന്റെ സഹായത്തോടെ ഓമനയുടെ ഫോൺ കോൾ കേന്ദ്രീകരിച്ചും ഇലക്ട്രിക്ക് വിഭാഗം വിദഗ്ദ്ധരെ ഉപയോഗിച്ചും നടത്തിയ പരിശോധനയിലും മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രാത്രിയിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൃദ്ധയെ അപായപ്പെടുത്തിയാകാമെന്ന അഭ്യൂഹമാണ് നാട്ടുകാർക്കുള്ളത്. മരണം നടക്കുന്നതിന്റെ തലേന്ന് വൃദ്ധയുടെ വീട്ടിൽ ആരൊക്കെയോ വന്ന് പോയതെന്നതിനെക്കുറിച്ചും സംശയമുണ്ട്. പ്രദേശത്ത് സി.സി. ടിവി കാമറ സംവിധാനം ഇല്ലാത്തതും അന്വേഷണത്തിന് തിരിച്ചടിയായി. പൊലീസ് അന്വേഷണം ഇഴയുന്ന സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പറയാനാകുള്ളൂ. അന്വേഷണത്തിന് ബലമേകുന്ന യാതൊരു തെളിവും പരിസരവാസികളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ലഭിച്ചിട്ടില്ല. സുതാര്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. - ജി.ബിനു, ബാലരാമപുരം സി.ഐ