കാട്ടാക്കട: അണപൊട്ടിയൊഴുകുന്ന അവഗണനയിൽ നെയ്യാർ ഡാമിന്റെ സൗന്ദര്യം ചോരുന്നു.
സൗന്ദര്യത്തിന് മങ്ങലേൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെ ആയി. ഡാമിലെത്തുന്ന സഞ്ചാരികൾക്ക് ആസ്വാദന തലം ഒരുക്കുന്നതിൽ അധികൃതർ കാണിക്കുന്ന നിരുത്തരവാദപരമായ പ്രവണതയാണ് ഡാം ടൂറിസത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം.
അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ല. നെയ്യാർ ഇക്കോ ടൂറിസം കടുത്ത അവഗണനയും പ്രതിസന്ധിയുമാണ് നേരിടുന്നത്. അടുത്തിടെ ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും വരുമാനം വർദ്ധിപ്പിക്കാനാകാത്തത് തിരിച്ചടിയായി.
വനം വകുപ്പിന്റെ ബോട്ടുകൾ മിക്കപ്പോഴും കരയ്ക്ക് തന്നെയാണ്. ഫിറ്റ്നസ് ഇല്ലെന്നതാണ് വസ്തുത. പുതിയ ബോട്ടിനായി 30 ലക്ഷം രൂപ കമ്പനിക്ക് നൽകിയെങ്കിലും ബോട്ട് എത്തിയിട്ടില്ല. ലയൺ സഫാരി പാർക്കിലേക്കുള്ള മൂന്നു വാഹനങ്ങളിൽ ഒന്ന് കണ്ടം ചെയ്യാൻ മാറ്റി. മറ്റൊന്നാകട്ടെ കാലപ്പഴക്കത്താൽ നശിച്ചു. ഒന്ന് വഴിയിലാകുന്ന അവസ്ഥയിലുമാണ്. ചുരുക്കത്തിൽ നെയ്യാർ ഡാം അവഗണനയിൽ മുങ്ങിത്താഴുമ്പോഴും നടപടിയെടുക്കാതെ നെയ്യാറിന്റെ ആസന്ന മൃതിക്കായി കാത്തിരിക്കുകയാണ് അധികൃതർ.
ലയൺസഫാരി പാർക്ക്
നെയ്യാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ലയൺ സഫാരിപാർക്കിൽ കൂട്ടിലല്ലാതെ സിംഹങ്ങളെ നേരിട്ട് കാണാൻ സാധിക്കുന്ന കേരളത്തിലെ ഏകയിടം ഇവിടെയാണ്.
ഒരു ചെറുദ്വീപിലാണ് സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്നത്. ബോട്ട് മാർഗ്ഗം മാത്രമേ ഈ ദ്വീപിലേയ്ക്ക് എത്താനാകൂ.സിംഹങ്ങൾ കൂട്ടിലായതിനാൽ കാണാനും പ്രയാസമാണ്. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ ദിവസമാണ് ലയൺ സഫാരിപാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.
ചീങ്കണ്ണിവളർത്തുകേന്ദ്രം
സിംഹം കഴിഞ്ഞാൽ അടുത്ത താരം ചീങ്കണ്ണിയാണ്. നൂറിലധികം ചീങ്കണ്ണികളെയാണ് നെയ്യാറിൽ പരിപാലിക്കുന്നത്. പ്രശസ്ത മുതല വേട്ടക്കാരൻ സ്റ്റീവ് ഇർവിന്റെ സ്മരണയ്ക്കായി ആരംഭിച്ച ഈ സംരംഭം അറിയപ്പെടുന്നത് അഗസ്ത്യ ചീങ്കണ്ണിപാർക്കെന്നാണ്. കൂടാതെ ഈ വന്യജീവി സങ്കേതത്തിൽ നൂറിൽപരം ജീവിവർഗങ്ങൾ വേറെയുമുണ്ട്.
മാൻ പാർക്ക്
മാനുകൾക്കായും പ്രത്യേകം പാർക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്. യഥേഷ്ടം കാട്ടിലൂടെ വിഹരിക്കുന്ന മാനുകളെ നമുക്ക് അടുത്തുകാണാനും അറിയാനും സാധിക്കും.
ബോട്ടിംഗ്
നെയ്യാറിലെ ബോട്ട് സർവീസ് സഞ്ചാരികളിൽ നിന്നകന്നതോടെ വരുമാനവും നിലച്ചു.
നെയ്യാറിലെ ടിക്കറ്റ് സംവിധാനത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. സഞ്ചാരികൾ എത്തുമ്പോൾ ബോട്ടിംഗ് സമയം കൃത്യമായി പാലിക്കുന്നില്ലന്നും ഇതു ജീവനക്കാർക്ക് നേരത്തേ മടങ്ങാൻ വേണ്ടി ചെയ്തതാണെന്ന ആരോപണവുമുണ്ട്. അഞ്ചു മണിവരെ ബോട്ടിംഗിന് ആളെ വിട്ടാൽ മണിക്കൂർ കഴിഞ്ഞു തിരികെ കരയ്ക്ക് എത്തും വരെ ജീവനക്കാർ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നാണ് സംസാരം. ഇതൊക്കെ മറികടക്കാൻ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൊണ്ടുവന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് എല്ലാവരുടെയും അഭിപ്രായം.
ട്രക്കിംഗ്....ഒരാൾക്ക് 400 രൂപ
ഗൈഡിന്റെ സേവനവും ബോട്ടിംഗും ഉൾപ്പെടും.
ട്രക്കിംഗ് സമയം.....രാവിലെ 8 മണി മുതൽ വൈകിട്ട് 5.30വരെ
നെയ്യാർഡാമിന്റെ വികസനം പ്രദേശവാസികളുടെ സ്വപ്നമാണ്.കാലാകാലങ്ങളിൽ സക്കാരുകൾ ഇവിടത്തേയ്ക്ക് പല പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ പ്രദേശവാസികൾ സന്തോഷിക്കും.എന്നാൽ ഇവിടത്തെ വികസനം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്.
- ശശീന്ദ്രൻ നായർ ,കള്ളിക്കാട് ഗ്രാമ പഞ്ചായത്തംഗം.
വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്.....1958 ൽ
നിത്യഹരിത വനങ്ങൾ പർണപാതി വനങ്ങൾ എന്നിങ്ങനെയുള്ള വൃക്ഷങ്ങൾ അടങ്ങിയ വനപ്രദേശം
ആനമുടി കഴിഞ്ഞാൽ പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അഗസ്ത്യകൂടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു.