mannu

പാലോട് : റോഡ് നിർമ്മാണത്തിന്റെ മറവിൽ വൻതോതിൽ മണ്ണ് ഇടിച്ച് കടത്തുന്നെന്ന പരാതിയെത്തുടർന്ന് മണ്ണ് കടത്താൻ ഉപയോഗിച്ച ലോറി നെടുമങ്ങാട് ആർ.ടി.ഒ കസ്റ്റഡിയിലെടുത്ത് പാലോട് വില്ലേജ് ഓഫീസർക്ക് കൈമാറി. താന്നിമൂട്,പ്ലാവറ എന്നിവിടങ്ങളിൽ നിന്നാണ് മണ്ണ് കടത്തുന്നത്. പ്രതിദിനം അൻപത് ലോഡ് മണ്ണ് മൂവായിരം രൂപ നിരക്കിലാണ് വിൽക്കുന്നത്.

വില്ലേജ് ഓഫീസിലും പഞ്ചായത്ത് സെക്രട്ടറിക്കും രേഖാമൂലം പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അനധികൃതമായി മണ്ണടിച്ച ലോറി റവന്യൂ അധികൃതർ പിടികൂടിയത്. നിലം നികത്തുന്നതിന് മണ്ണ് ഇടിക്കരുത് എന്ന നിയമം നിലവിലുണ്ടെങ്കിലും റോഡിനെന്ന വ്യാജേന മണ്ണ് ഇടിക്കുന്നതിനാൽ പലപ്പോഴും റവന്യൂ ഉദ്യോഗസ്ഥരും ഈ പ്രേദേശങ്ങളിലേക്ക് എത്താറില്ല. ഇത് മണ്ണ് മാഫിയയ്ക്ക് സഹായമാകുകയാണ്.