cm

തിരുവനന്തപുരം : കേരളത്തെക്കാൾ കൂടുതൽ പ്രവാസികളുള്ള നാടുകൾ ലോകത്ത് വേറെയുണ്ടെങ്കിലും അവിടെയൊന്നും ലഭിക്കാത്ത അംഗീകാരമാണ് ലോക കേരള സഭയിലൂടെ ലഭിച്ചതെന്ന് പ്രവാസികൾ.

ലോക കേരള സഭയുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലാണ് അവർ അനുഭവങ്ങൾ പങ്കുവച്ചത്.

പണം കായ്ക്കുന്ന മരങ്ങളായി മാത്രം പ്രവാസികളെ കാണുന്നതിനു പകരം അവരെ പൗരൻമാരായി കാണാൻ ലോകകേരള സഭയ്ക്ക് കഴിഞ്ഞുവെന്ന് ഓപ്പൺ ഫോറത്തിൽ മോഡറേറ്ററായിരുന്ന എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു.വ്യാകുലതകളിൽ പകച്ചു നിൽക്കുന്ന പ്രവാസികൾക്ക് സാന്ത്വനവും സമാധാനവുമാണ് ലോക കേരള സഭയെന്ന് എഴുത്തുകാരി മാനസി അഭിപ്രായപ്പെട്ടു.സ്വന്തം നാട്ടിലും കുടിയേറിയ ഇടങ്ങളിലും അവഹേളനം മാത്രം ഏറ്റുവാങ്ങേണ്ടി വന്ന പ്രവാസികൾ തിരസ്‌കാര ശ്രമങ്ങളെ തന്ത്രപൂർവം അതിജീവിച്ച് നടത്തിയ കൈയേറ്റത്തിന്റെ ഫലമാണ് വർത്തമാനകാല കേരളമെന്ന് പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. മരട് ഫ്ളാറ്റ് പൊളിക്കാനുള്ള നീക്കത്തിനു പിന്നിൽ പ്രവാസികളുടെ വളർച്ചയിൽ അസൂയ പൂണ്ട ഉത്തരേന്ത്യൻ ഗോസായിമാരുടെ കളികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസലോകത്ത് നിന്ന് പണത്തിനൊപ്പം മികച്ച ആശയങ്ങളും സ്വീകരിക്കാനുള്ള മികച്ചൊരു വേദിയാണ് ലോക കേരള സഭയെന്ന് മുരളി തുമ്മാരുകുടി വിലയിരുത്തി. ദുരന്തനിവാരണം, കാലാവസ്ഥാവ്യതിയാനം, പുതിയകാല വ്യാവസായിക വിപ്ലവം, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ മികച്ച ആശയങ്ങൾ കൈമാറാൻ പ്രവാസികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പ് വരുത്തുന്നതിനുള്ള നിരവധി പദ്ധതികൾ ആവിഷ്കരിക്കാൻ ഒന്നാം ലോക കേരള സഭയിലെ ചർച്ചകളിലൂടെ സാധിച്ചതായി സുബൈർ കണ്ണൂർ പറഞ്ഞു.