തിരുവനന്തപുരം: പെരുമഴയിലും വെള്ളാപ്പാച്ചിലിലും പൊളിയാത്ത, 25 കൊല്ലം വരെ ഗാരന്റിയുള്ള വൈറ്റ് ടോപ്പിംഗ് ( പ്രത്യക തരം കോൺക്രീറ്റിംഗ്) റോഡുകൾ കേരളത്തിലും വരുന്നു. തലസ്ഥാന നഗരത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ആദ്യ പരീക്ഷണം. ഇതിനായി വെള്ളയമ്പലം - വഴുതക്കാട് - തൈക്കാട്, മണക്കാട് - തിരുവല്ലം, അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡുകളെ തിരഞ്ഞെടുത്തു.
പ്രളയത്തിൽ ദേശീയപാതയുൾപ്പെടെ തകർന്നതും, കുഴികളിൽ അപകടങ്ങളും ഗതാഗതക്ളേശവും പതിവായതുമാണ് വൈറ്റ് ടോപ്പിംഗിനെക്കുറിച്ച് ചിന്തിക്കാൻ കാരണമായത്. ഇതിനായി ബംഗളൂരുവിലെ കമ്പനിയോട് വിശദാംശങ്ങൾ തേടിയിരുന്നു. തമിഴ്നാടും കർണാടകവും മഹാരാഷ്ട്രയുമൊക്കെ വൈറ്റ് ടോപ്പിംഗ് രീതിയിലേക്ക് നേരത്തേ കടന്നതാണ്. ബിറ്റുമിൻ മെക്കാഡം, ബിറ്റുമിൻ കോൺക്രീറ്റ് പോലുള്ള ടാറിംഗ് രീതികളെക്കാൾ ഈടുനിൽക്കുന്നതും മെയിന്റനൻസ് തീരെ കുറവുമാണ് വൈറ്റ് ടോപ്പിംഗിന്റെ പ്രധാന മേന്മ.
വൈറ്റ് ടോപ്പിംഗ് റോഡുകൾ
സിമന്റും മണലും മെറ്റലും പാറപ്പൊടിയും കൂട്ടിക്കലർത്തിയ മിശ്രിതം യന്ത്ര സഹായത്തോടെ അടിത്തട്ടു മുതൽ ഉറപ്പിച്ചാണ് നിർമ്മാണം
ടാർ ചെയ്‌ത റോഡാണ് വൈറ്റ് ടോപ്പാക്കി മാറ്റുന്നതെങ്കിൽ ടാർ കോട്ടിംഗ് പൊളിച്ചുമാറ്റി കോൺക്രീറ്റ് മിക്‌സ് തട്ടുകളായി നിക്ഷേപിക്കും
റോഡിന്റെ നീളത്തിനും വീതിക്കുമനുസരിച്ച് ഇരുമ്പ് തകിടിന്റെ അറകളുണ്ടാക്കി ഓരോന്നിലും കോൺക്രീറ്റ് നിറച്ച് ബലപ്പെടുത്തും
റോഡ് ലെവൽ ചെയ്‌തശേഷം പരുക്കനാക്കാൻ യന്ത്രസഹായത്തോടെ ടൈനിംഗ് ചെയ്യും
ചെലവ് വെല്ലുവിളി
അതേസയമം, ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയിൽ വൈറ്ര് ടോപ്പിംഗ് റോഡിന്റെ ചെലവ് താങ്ങാൻ കഴിയുമോ എന്നതാണ് പ്രശ്നം. ടാറിംഗിനെക്കാൾ നാലിരട്ടി ചെലവ് കൂടും. ടാറിംഗിന് ബിറ്റുമിനും മെറ്റലും ചിപ്ലും മാത്രം മതിയെങ്കിൽ വൈറ്ര് ടോപ്പിംഗിന് സിമന്റ്, മെറ്റൽ, ചിപ്സ്, പാറപ്പൊടി, വെള്ളം എന്നിവ വേണം. കോൺക്രീറ്രിംഗിന് കൂടുതൽ തൊഴിലാളികളും വേണം.
ഗുണങ്ങൾ
1. 25 കൊല്ലം വരെ ആയുസ്.
2. വർഷാവർഷം മെയിന്റനൻസ് വേണ്ട
3.വെള്ളം ഉള്ളിലേക്ക് ഇറങ്ങി തകരില്ല
നിർബന്ധം
റോഡിലെ വെള്ളം ഒഴുകാൻ ഡ്രെയിനേജ്
മദ്ധ്യഭാഗത്ത് ഡിവൈഡറിനൊപ്പം ഓട
റിസ്ക്
വാഹനങ്ങൾ ഓടി റോഡ് മിനുസപ്പെട്ടാൻ മഴക്കാലത്ത് ബ്രേക്കിംഗിനിടെ അപകടമുണ്ടാകാൻ സാദ്ധ്യത