cpi

തിരുവനന്തപുരം: ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ സുവർണ ജൂബിലി ഉദ്ഘാടന പ്രസംഗത്തിൽ സി. അച്ചുതമേനോന്റെ പേര് മുഖ്യമന്ത്രി പറയാത്തത് ചരിത്ര വസ്തുതകളുടെ മനഃപൂർവമായ തമസ്കരണമാണെന്ന് സി.പി.ഐ. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും പാർട്ടി മുഖപത്രം മുഖപ്രസംഗത്തിൽ വിമർശിച്ചു.

ചരിത്രത്തെ സി.പി.എം തമസ്കരിക്കാൻ നോക്കേണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന സി.പി.ഐ, പക്ഷേ ഇക്കാര്യത്തിൽ മുന്നണിയിൽ പരാതി ഉന്നയിക്കാനൊന്നും ആലോചിച്ചിട്ടില്ല. പാർട്ടി നിലപാട് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും.

നിയമം നടപ്പായതിൽ അച്ചുതമേനോനുള്ള പങ്ക് എടുത്തുപറഞ്ഞ് മുഖപ്രസംഗം സി.പി.എം നിലപാടിനെ ചോദ്യം ചെയ്യുന്നു. ചരിത്രത്തെ വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കുന്ന ഘട്ടത്തിൽ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന വിമർശനത്തോടെയാണ് തുടക്കം. ചരിത്രം വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തുക. പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകൾക്കും താത്പര്യങ്ങൾക്കും അനുസൃതമായി ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാൻ ആസൂത്രിത ശ്രമമാണ് മോദി ഭരണത്തിൽ നടക്കുന്നത്. ആ ചരിത്ര

നീരസത്തിനെതിരെയാണ് രാജ്യം സടകുടഞ്ഞെണീറ്റത്. അതിന്റെ മുൻനിരയിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. അത്തരമൊരു ദേശവ്യാപക ചെറുത്തുനില്പിന്റെ വിശ്വാസ്യതയെയാണ് ഭൂപരിഷ്കരണം സംബന്ധിച്ച അർദ്ധസത്യങ്ങൾ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യംചെയ്യുന്നത്.

ഭൂപരിഷ്കരണ നിയമം പൊടുന്നനെ സ്വയംഭൂവായതല്ല. കേരളത്തിന്റെ ഭൂപരിഷ്കരണ ശ്രമങ്ങൾക്ക് ടിപ്പുസുൽത്താന്റെ പടയോട്ടം മുതലിങ്ങോട്ട് രണ്ട് നൂറ്റാണ്ടിലേറെ ദൈർഘ്യമുണ്ട്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ അതിന് മൂർത്തരൂപം നൽകി. ആ സർക്കാർ ഭരണഘടനാവിരുദ്ധ നടപടികളിലൂടെ പുറത്താക്കപ്പെട്ടതോടെ നിയമനിർമ്മാണ ശ്രമങ്ങളിലും തിരിച്ചടിയുണ്ടായി.

1967ൽ സി.പി.ഐയും സി.പി.എമ്മും ഉൾപ്പെട്ട സപ്തകക്ഷി മുന്നണിക്കും നിയമനിർമ്മാണ നടപടികൾ പൂർത്തീകരിക്കാനായില്ല. സപ്തകക്ഷിമുന്നണി സർക്കാർ നിലം പൊത്തിയതിനെ തുടർന്ന് അധികാരത്തിലെത്തിയ അച്ചുതമേനോൻ സർക്കാരാണ് നിശ്ചയദാർഢ്യത്തോടെ ഭേദഗതി നിയമം നടപ്പാക്കിയത്. കോടതി നടപടികളിൽ കുടുങ്ങി തടസ്സപ്പെടാത്ത വിധം നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ പെടുത്തിയതും അച്ചുതമേനോന്റെ മികവാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

പ്രചാരണം ഇന്നു മുതൽ

സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രചാരണയോഗങ്ങൾ ഇന്ന് സി.പി.ഐ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ആരംഭിക്കും. തൃശൂരിലാണ് തുടക്കം.