keralasabha-

തിരുവനന്തപുരം: സർക്കാരിനു മുന്നിൽ ആവശ്യങ്ങളുടെ കെട്ടഴിച്ച് ലോക കേരള സഭയിലെ പ്രവാസി പ്രതിനിധികൾ. ഒപ്പം ,കേരളത്തിന്റെ വികസനത്തിനുള്ള പദ്ധതികളും നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ട ആവശ്യകതയും അവർ സർക്കാരിനെ ധരിപ്പിച്ചു.

ലോക രാജ്യങ്ങളെ ഏഴ് മേഖലകളായി തിരിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് വിവിധ ആശയങ്ങൾ ഉരുത്തിരിഞ്ഞത്. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങണമെന്നും അതിലൂടെ അവരുടെ തൊഴിൽ വൈദഗ്ധ്യം കേരളാ പുനർനിർമ്മാണത്തിന് പ്രയോജനപ്പെടുത്തണമെന്നും ആവശ്യമുയർന്നു. തിരികെ വരുന്ന പ്രവാസികൾക്ക് പാട്ടത്തിന് കൃഷി ഭൂമി ലഭ്യമാക്കിയാൽ കാർഷിക രംഗത്ത് കുതിപ്പുണ്ടാവും. പ്രവാസികൾക്ക് സുരക്ഷിതമായ സമ്പാദ്യം നടത്താനാവശ്യമായ പരിശീലനവും ബോധവത്കരണവും സർക്കാർ നൽകണം. കാർഡ് ഒരു ആധികാരിക രേഖയായി മാറിയ സാഹചര്യത്തിൽ പ്രവാസികളെ റേഷൻകാർഡിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയർന്നു.

മറ്റ് ആവശ്യങ്ങൾ :

നിക്ഷേപത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥൻ തലവനായി ഏകജാലക സംവിധാനം

എല്ലാ സംസ്ഥാനങ്ങളിലും കേരളാ ഹൗസ്

പ്രവാസി ചിട്ടിക്ക് വിദേശത്ത് കൂടുതൽ പ്രചാരം നൽകണം.

പ്രവാസികൾക്കായി മെഡിക്കൽ ഇൻഷ്വറൻസ് . വിദേശത്തേക്ക് പോകുമ്പോഴും

മടങ്ങിയെത്തുമ്പോഴും വിമാനത്താവളത്തിൽ മെഡിക്കൽ ചെക്കപ്പ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയവയിൽ വൈദഗ്ദ്ധ്യമുള്ളവരെ വാർത്തെടുക്കാൻ

യൂണിവേഴ്‌സി​റ്റി .

വിദേശത്ത് വിവാഹമോചനത്തിന് വിധേയരാകുന്ന വനിതകൾക്കും ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്കും സംരംക്ഷണവും നിയമസഹായവും ലഭ്യമാക്കാൻ ലീഗൽ എയിഡ് സെന്റർ .

പാസ്‌പോർട്ട്, എമിഗ്രേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീകൾ ചൂഷണത്തിന് വിധേയരാകുന്നതിന് പരിഹാരമുണ്ടാക്കണം.