തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായെത്തിയ തമ്പാനൂർ പൊലീസ് സ്റ്റേഷന്റെ ചടങ്ങിൽ നിന്ന് സി.പി.ഐ കൗൺസിലർ ജയലക്ഷ്‌മിയെ ഒഴിവാക്കിയെന്ന് പരാതി. ചടങ്ങിനെക്കുറിച്ച് സ്റ്റേഷനിൽ നിന്നു രണ്ട് ദിവസം മുമ്പ് ഫോണിലൂടെയാണ് കൗൺസിലറെ അറിയിച്ചത്. ഇതനുസരിച്ച് ജയലക്ഷ്‌മി ഉദ്ഘാടന സ്ഥലത്ത് എത്തിയെങ്കിലും ജനപ്രതിനിധിയെന്നുള്ള പരിഗണന പൊലീസ് ഉദ്യോഗസ്ഥർ നൽകിയില്ലെന്നാണ് ആരോപണം. മുഖ്യമന്ത്രിയെ കൂടാതെ വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, കമ്മിഷണർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ആനയിച്ച് അകത്തേക്ക് കൊണ്ടുപോയപ്പോൾ വാർഡ് കൗൺസിലറെ സ്റ്റേഷന് അകത്തേക്ക് കയറ്റാൻ പോലും പൊലീസുകാർ തയ്യാറായില്ല. ഉദ്ഘാടനവുമായി ബന്ധപ്പെട്ട പത്രപരസ്യം, നോട്ടീസ്, ശിലാഫലകം എന്നിവയിൽ നിന്നും കൗൺസിലറുടെ പേര് പാടെ ഒഴിവാക്കി. പുതുവർഷദിനത്തിലായിരുന്നു തമ്പാനൂരിൽ നവീകരിച്ച പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാൽ കൗൺസിലർ ജയലക്ഷ്‌മി കൃത്യസമയത്തെത്തി. മുഖ്യമന്ത്രി എത്തിയതോടെ മറ്റ് വിശിഷ്ടവ്യക്തികളും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് തിരിതെളിച്ചു. ആരും കൗൺസിലറെ അന്വേഷിച്ചില്ല. തുടർന്ന് നോട്ടീസ് നോക്കിയപ്പോൾ അതിലും കൗൺസിലറുടെ പേരില്ല. ജനപ്രതിനിധിയോടുള്ള അവഹേളനത്തിനെതിരെ സി.പി.ഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്ത് നൽകിയെന്ന് സി.പി.ഐ തമ്പാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. മോഹനചന്ദ്രൻ അറിയിച്ചു.