sobha-surendran

ശിവഗിരി: പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിക്കുമില്ലാത്ത ഭയം ഒരു ഇന്ത്യൻ പൗരനും വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. 87ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വനിതാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശ്രീനാരായണഗുരു അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ടായിരുന്നു. ശക്തിയില്ലാതെ ശിവനില്ലെന്നും സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമെന്ന് പഠിപ്പിക്കാനും കൂടിയായിരുന്നു അത്. എവിടെയും തല കുനിക്കാതെയും സംവരണത്തിന് കാത്തുനിൽക്കാതെയും സ്ത്രീകൾക്ക് ഉയരാനാകണം. അതിന് സ്ത്രീകൾ തന്നെ വിചാരിക്കണം. അമ്മയോ പെൺകുട്ടികളോ കുഞ്ഞുങ്ങളോ ആക്രമിക്കപ്പെടുമ്പോൾ കക്ഷിരാഷ്ട്രീയത്തിന്റെ മതിലുകൾ തകർത്ത് സ്ത്രീകൾ പ്രതികരിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.