തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അതിരൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയക്കളിയാണ്. ഗവർണർ അദ്ദേഹത്തിന്റെ പദവിക്കും ഭരണഘടനയുടെ അന്ത:സത്തയ്ക്കും ചേരാത്ത തരത്തിലുള്ള ജൽപ്പനങ്ങളാണ് നടത്തുന്നത്. ഏതു നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ജനങ്ങളോട് വിശദീകരിക്കാൻ അദ്ദേഹത്തിന് ബാദ്ധ്യതയുണ്ടെന്നും വാർത്താക്കുറിപ്പിൽ കോടിയേരി പറഞ്ഞു.

ഗവർണർക്ക് നിയമസഭയുടെ അധികാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എത്രയോ സന്ദർഭങ്ങളിൽ എത്രയോ വിഷയങ്ങളിൽ നിയമസഭ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അന്നും ഡൽഹിയിൽ കേന്ദ്ര സർക്കാരും കേരളത്തിൽ ഗവർണർമാരും ഉണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ് ഗവർണർ പദവിയിലിരുന്ന് ആരിഫ് മുഹമ്മദ്ഖാൻ കാണിക്കുന്നത്.