ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ബസ്സ്റ്റാൻഡിലെ പൊതു ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടി പരിസരപ്രദേശത്തും കടകളിലേക്കും വ്യാപിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ രണ്ടു ദിവസമായാണ് മാലിന്യം റോഡിലേക്കും സമീപത്തെ കടകളുടെ സൈഡിലേക്കും ഒലിച്ചിറങ്ങി തുടങ്ങിയത്.

നിരവധിതവണ അധികൃതരോട് പരാതി അറിയിച്ചിട്ടും നടപടി എടുക്കുന്നില്ലെന്നാണ് കടയുടമകൾ പറയുന്നത്. ഇതിനെതിരെ പൊലീസിലും നഗരസഭ അധികൃതർക്കും പരാതി കൊടുത്തിട്ടും നടപടി സ്വീകരിക്കാത്തതിനാൽ കേസുമായി മുന്നോട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം.മലമൂത്ര വിസർജ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ ദുർഗന്ധം കാരണം കടകളിലേക്ക് ആളുകൾ വരുന്നില്ലെന്നും കടകൾ അടച്ചിടാനെ നിവൃത്തിയുള്ളു എന്നും ഇവർ പറഞ്ഞു.