മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ ബാഗിൽ നിന്ന് 6000 രൂപ കവർന്നു. കഴിഞ്ഞദിവസം രാവിലെ 9.52നാണ് സംഭവം. പേയാട് സ്വദേശി ലതയുടെ ബാഗിൽ നിന്നാണ് പണം നഷ്ടമായത്. മോഷ്ടാക്കളായ മൂന്ന് സ്ത്രീകളുടെ ദൃശ്യം ക്ഷേത്രത്തിലെ സി.സി ടിവി ദൃശ്യങ്ങളിലുണ്ട്. ഇവർ തമിഴ്നാട് സ്വദേശികളാണെന്നാണ് നിഗമനം. തോളിൽ തൂക്കിയിട്ടിരുന്ന ലതയുടെ ബാഗ് മോഷ്ടാക്കളിൽ ഒരാൾ സാരി തുമ്പ് കൊണ്ട് മറച്ച ശേഷം ബാഗിന്റെ അറ തുറന്ന് പഴ്സ് കൈക്കലാക്കുകയായിരുന്നു. മോഷ്ടാക്കൾ മലയിൻകീഴ് നിന്ന് ആട്ടോയിലാണ് ക്ഷേത്രത്തിലെത്തിയത്. ആദ്യം മേപ്പൂക്കട സി.എസ്.ഐ ചർച്ച് കോമ്പൗണ്ടിൽ നടക്കുന്ന സ്റ്റാളിലേക്കാണ് പോയത്. എന്നാൽ സ്റ്റാൾ പ്രവർത്തനം സമാപിച്ചതിനാൽ മലയിൻകീഴ് ക്ഷേത്രത്തിലെത്തുകയായിരുന്നു. ലത മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.